തിരുവനന്തപുരം - ആർ.എസ്.എസ് വാദങ്ങളുടെ മെഗാഫോണായി എൽ. ഡി.എഫ് ഘടക കക്ഷികൾ മാറിയത് അത്യന്തം അപകടകരമാണെന്നും മതേതര ജനാധിപത്യ സമൂഹം ഇടതു മുന്നണിയുടെ വർഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
ലൗ ജിഹാദ് വിഷയത്തിൽ ജോസ് കെ. മാണിയുടെ അഭിപ്രായം സംബന്ധിച്ച് ഇടതു മുന്നണി നിലപാട് വ്യക്തമാക്കണം.
മതസ്പർധയും സമുദായ സംഘർഷവും സൃഷ്ടിച്ച് തുടർഭരണം നേടിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണോ ജോസിന്റെ ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട് സംഘ്പരിവാറിന് അവസരമൊരുക്കാനാണ് ഈ നീക്കങ്ങൾ ഇടവരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
കോടതിയും പോലീസും എല്ലാം വ്യാജമാണെന്ന് സ്ഥിരീകരിച്ച ലൗ ജിഹാദ് സംബന്ധിച്ച് ജോസ് കെ.മാണി പുലർത്തുന്ന അതേ നിലപാട് തന്നെയാണോ ഇടതുമുന്നണിയിലെ മറ്റു ഘടക കക്ഷികൾക്കെന്ന് വ്യക്തമാക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.