ന്യുദല്‍ഹി- പരസ്ത്രീ ബന്ധത്തില്‍ പുരുഷനെ വിവേചനപരമായി കുറ്റക്കാരനാക്കുന്ന ഇന്ത്യന്‍ ശിക്ഷാ ചട്ടത്തിലെ 157 വര്‍ഷം പഴക്കമുള്ള വകുപ്പ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നു. ഐ പി സി 497-ാം വകുപ്പും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും ചോദ്യം ചെയ്തു കൊണ്ട് മലയാളിയായ ജോസഫ് ഷൈന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീം കോടതി തീരുമാനം. ഈ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണോ എന്നാണ് പരിശോധിക്കുക. ഹരജിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വകുപ്പുകള്‍ പ്രകാരം മറ്റൊരാളുടെ ഭാര്യയുമായി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും വിവാഹിതനായ പുരുഷന്‍ കുറ്റക്കാരനാണ്.
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ഇതു സംബന്ധിച്ച കേന്ദ്രത്തിന്റെ മറുപടി തേടിയിട്ടുണ്ട്. സര്‍ക്കാര്‍ നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. പരസ്ത്രീഗമനം നടത്തിയ വിവാഹിതനായ പുരുഷന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഇതിലുള്‍പ്പെട്ട മറ്റൊരാളുടെ ഭാര്യയെ എന്തു കൊണ്ട് ശിക്ഷിക്കുന്നില്ല എന്നാണ് ഇറ്റലിയിലെ ട്രെന്റോയില്‍ ജോലി ചെയ്യുന്ന ഹരജിക്കാരന്‍ ജോസഫ് ഷൈന്‍ ഉന്നയിക്കുന്ന ചോദ്യം.
ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ സ്ത്രീയുടെ പങ്ക് പരിശോധിക്കാതെ അവള്‍ക്ക് ശുദ്ധിപത്രം നല്‍കുന്ന കാലഹരണപ്പെട്ട രീതി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹിതരല്ലാത്ത സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ഐപിസി 497-ാം വകുപ്പനുസരിച്ച് കുറ്റകൃത്യമല്ലെന്ന വസ്തുതയും ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. ഈ രണ്ടു വിഷയങ്ങളാണ് ഇത്തരമൊരു നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.