ന്യൂദല്‍ഹി- ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനായി വിരമിച്ച ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സാധ്യത സുപ്രീം കോടതി പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെയാണ് ഇക്കാര്യം പറഞ്ഞത്.
മുപ്പത് വര്‍ഷം വരെ പഴക്കമുള്ള 51 ലക്ഷത്തോളം കേസുകള്‍ വിവിധ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കേസുകളില്‍ തീര്‍പ്പുണ്ടാകാതെ കിടന്നാല്‍ അതു നീതിനിഷേധമായി കണക്കാക്കാനുമാകും. അതിനാലാണ് കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി വിരമിച്ച ജഡ്ജിമാരെ താത്കാലികമായി നിയമിക്കുന്ന കാര്യം കോടതി പരിഗണിക്കുന്നത്. ഭരണഘടനയുടെ 224 എ വകുപ്പ് പ്രകാരം ഹൈക്കോടതിയിലും 128-ാം വകുപ്പ് പ്രകാരം സുപ്രീം കോടതിയിലും താത്കാലിക ജഡ്ജിമാരെ നിയമിക്കാനാകും.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രാഷ്ട്രപതിയുടെ അനുമതിയോടെയാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. ഇത്തരം നിയമനങ്ങളിലൂടെ 15 വര്‍ഷം പഴക്കമുള്ള കേസുകളില്‍ ഭൂരിഭാഗവും തീര്‍പ്പുണ്ടാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റീസ് വാക്കാല്‍ നിരീക്ഷിച്ചു.






