റിയാദ് - കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്ക് ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കാൻ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നൽകാൻ സ്‌പോർട്‌സ് മന്ത്രാലയത്തിന്റെ തീരുമാനം. 2022 ലോകകപ്പിനും 2023 ഏഷ്യൻ കപ്പിനുമുള്ള സംയുക്ത ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി, സൗദി നാഷണൽ ഫുട്‌ബോൾ ടീമും ഫലസ്തീനും തമ്മിൽ റിയാദ് മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന മത്സരം വീക്ഷിക്കാൻ വാക്‌സിൻ സ്വീകരിച്ചവരെ അനുവദിക്കും. സ്റ്റേഡിയത്തിന്റെ 40 ശതമാനം ശേഷിയിലാണ് വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനം നൽകുക. രാജ്യത്തെങ്ങും ഫുട്‌ബോൾ സ്റ്റേഡിയങ്ങളിലേക്ക് ശവ്വാൽ അഞ്ചു (മെയ് 17) മുതൽ സ്റ്റേഡിയങ്ങളുടെ 40 ശതമാനം ശേഷിയിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനം നൽകുമെന്നും സ്‌പോർട്‌സ് മന്ത്രാലയം പറഞ്ഞു.
കൊറോണ വാക്‌സിൻ സ്വീകരിച്ചതായി 'തവക്കൽനാ' ആപ്പ് വഴി സ്ഥിരീകരിക്കുന്നവർക്കാണ് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നൽകുക. ഇതോടൊപ്പം സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ അടക്കമുള്ള മുഴുവൻ മുൻകകരുതൽ നടപടികളും ബാധകമാക്കും. നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുമെന്നും സ്‌പോർട്‌സ് മന്ത്രാലയം പറഞ്ഞു.






