Sorry, you need to enable JavaScript to visit this website.

ലൗ ജിഹാദിൽ തിരുത്തുമായി ജോസ് കെ.മാണി;  മുന്നണിയുടെ അഭിപ്രായം തന്നെ പാർട്ടിക്കും

കോട്ടയം- ലൗ ജിഹാദ് വിഷയത്തിൽ പറഞ്ഞത് തിരുത്തി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ. മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോൺഗ്രസിന്റെയും അഭിപ്രായമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലൗ ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസർക്കാരിന്റെ അഞ്ച് വർഷ കാലത്തെ വികസനമാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ഈ വികസന ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.
ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. തുടർന്ന് ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സിയും രംഗത്തെത്തി.
ജോസ് കെ. മാണിയുടെ പ്രതികരണം വിവാദമായതോടെ എൽ.ഡി.എഫും പ്രതിരോധത്തിലായി. തുടർന്നാണ് പറഞ്ഞത് തിരുത്താൻ ജോസ് കെ മാണി നിർബന്ധിതനായത്.
ജോസ് കെ.മാണിയുടെ പ്രതികരണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അതേസമയം, ജോസ് കെ.മാണിയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നും പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികൾ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാർട്ടിയുടെ മാത്രം അഭിപ്രായമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
 

Latest News