തിരുവനന്തപുരം- ഓരോ അഞ്ച് വർഷം കൂടുമ്പോഴും മുന്നണികളെ മാറിമാറി തെരഞ്ഞെടുക്കുന്ന 'പാറ്റേൺ' ലംഘിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര വിദേശകാര്യമന്ത്രിയുമായ സൽമാൻ ഖുർഷിദ്. അയ്യഞ്ച് വർഷം കൂടുമ്പോൾ ഇടതും വലതുമായി മാറിമാറി അധികാരത്തിൽ വരുന്ന രീതി കേരളത്തിൽ പതിറ്റാണ്ടുകളായുള്ളതാണെന്നും അത് സംസ്ഥാനത്തിന് നിരവധി നേട്ടങ്ങളെ സമ്മാനിച്ച രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മുന്നണിയുടെയും മികച്ച പ്രവർത്തനം തങ്ങൾക്ക് ലഭ്യമാക്കാൻ വളരെ വിവേകപൂർവ്വമായാണ് ഇക്കാലമത്രയും ജനങ്ങൾ വോട്ട് ചെയ്തു കൊണ്ടിരുന്നത്. സംസ്ഥാനത്തെ ജനാധിപത്യ ശക്തികൾ ജീവസ്സായിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇത്തവണ തുടർഭരണമുണ്ടായേക്കുമെന്ന സർവേ റിപ്പോർട്ടുകളും മറ്റും പുറത്തുവന്നുകൊണ്ടിരിക്കെയാണ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളുമടങ്ങുന്ന വിവിധ മതങ്ങളെ ഒരുമിപ്പിക്കുന്ന ഇന്ത്യയുടെ സൌന്ദര്യവും ആശയഗതികളുമൊത്ത് നമുക്ക് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിലും പ്രളയദുരിതാശ്വാസ ഫണ്ടിലും എൽഡിഎഫ് അഴിമതി നടത്തിയതായി ഖുർഷിദ് ആരോപിച്ചു. കേരളത്തിന്റെ സാംസ്കാരിക സ്വഭാവത്തിന് വിരുദ്ധമാണ് ഈ അഴിമതികളെന്നും ഖുർഷിദ് പറഞ്ഞു. സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് ഇന്ത്യയുടെ ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്ന് ഖുർഷിദ് ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പൊലീസ് ക്രൂരതകൾ അരങ്ങേറുകയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.