കൊച്ചി- ഇരട്ടവോട്ടുള്ളവര്‍ ഒരു സ്ഥലത്തുമാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്‍കി.
ഇതിന് ആവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ജനാധിപത്യ പ്രക്രിയയില്‍ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്നത് അനിവാര്യമാണ്. ഒരാള്‍ ഒരു സ്ഥലത്തു നിന്നും മാറി മറ്റൊരു സ്ഥലത്ത് പേരു ചേര്‍ക്കുമ്പോള്‍ ആദ്യ സ്ഥലത്തെ പേര് റദ്ദാക്കാന്‍ മാര്‍ഗമില്ലേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വോട്ടര്‍പട്ടികയില്‍ ഒന്നിലധികം സ്ഥലത്ത് പേരുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം.
ഓണ്‍ലൈന്‍ സംവിധാനം വഴി വോട്ടു ചേര്‍ക്കുമ്പോള്‍, പഴയ സ്ഥലത്ത് വോട്ടുള്ളവര്‍ക്ക്, അവരുടെ പഴയ ബൂത്തിലെ വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റായി പോകാനുള്ള സാങ്കേതിക സംവിധാനം ഇല്ലേയെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. സംസ്ഥാനത്ത് 4,42,000 ലേറെ ഇരട്ട വോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.






