കൊച്ചി- ലൗ ജിഹാദ് ഭാവനാസൃഷ്ടിയാണെന്നും ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംഘ്പരിവാറുമായി ചേര്‍ന്നു പോകാനാകില്ലെന്നും നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു.
ലൗ ജിഹാദ് ആരോപണങ്ങള്‍ പരിശോധിക്കണമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംഘ്പരിവാറുമായി ചേര്‍ന്നു പോകാനാകില്ലെന്നും ഇത്തരം പദ്ധതികളില്‍ ന്യൂനപക്ഷങ്ങള്‍ വീഴരുതെന്നും യാക്കോബായ സഭയില്‍ ഉള്‍പ്പെടുന്ന ഡോ. ഗീവര്‍ഗീസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിത്. ഫാഷിസത്തിനെതിരെ ഇരകള്‍ ഒരുമിച്ചു നില്‍ക്കുകയാണ് വേണ്ടത്. ഇരകളെ ഭിന്നിപ്പിക്കുക എന്നത് ഫാഷിസ്റ്റ് അജണ്ടയാണ്. ഇടതുപക്ഷം പോലും ഇത്തരം നീക്കങ്ങളോട് സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നുവെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ പാര്‍ട്ടികളില്‍ ഇടതുപക്ഷ സ്വഭാവമുള്ളവ ഇനി അവശേഷിക്കുന്നുണ്ടോ എന്ന് സംശയമാണ്. കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പാക്കുകയാണ് സി.പി.എം അടക്കമുള്ളവര്‍ ചെയ്യുന്നത്. ഇത് കോണ്‍ഗ്രസ് നേരിടുന്ന സ്വത്വ പ്രതിസന്ധിയാണ്. കോര്‍പറേറ്റ് യുക്തി കാര്യക്ഷമമായി നടപ്പാക്കുകയാണ് എല്‍.ഡി.എഫ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധ്യത വിദൂരമാണെങ്കിലും പുതിയ ഒരു ഇടതുപക്ഷം ഉദയം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.