Sorry, you need to enable JavaScript to visit this website.

വാര്‍ത്ത ലഭിക്കാന്‍ സെക്‌സ്; ബ്രസീല്‍ പ്രസിഡന്റ് വനിതാ ജേണലിസ്റ്റിന് നഷ്ടപരിഹാരം നല്‍കണം

സാവോപോളോ- മാധ്യമ പ്രവര്‍ത്തകയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രസീല്‍ കോടതി ഉത്തരവിട്ടു. തനിക്കെതിരായ വാര്‍ത്ത ലഭിക്കാന്‍ പട്രീഷ്യ കാമ്പോസ് മെല്ലോ എന്ന പത്രപ്രവര്‍ത്തക കിടപ്പറ പങ്കിടാന്‍ തയാറായി എന്നായിരുന്നു ബ്രസീല്‍ പ്രസിഡന്റിന്റെ പരാമര്‍ശം. 3473 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടതെന്ന്  ഫോള്‍ഹ ഡി സാവോ പോളോ പത്രം റിപ്പോര്‍ട്ട് ചെയ്തു.

തന്റെ പ്രതിഛായ തകര്‍ക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ലൈംഗിക ബന്ധത്തിന് സമ്മതിക്കാമെന്ന് മാധ്യമ പ്രവര്‍ത്തക ഒരാളോട് പറഞ്ഞുവെന്ന് കഴിഞ്ഞ വര്‍ഷമാണ് ബോള്‍സോനാരോ ആരോപിച്ചിരുന്നത്.
2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ബോള്‍സോനാരോയുടെ പ്രചാരണത്തിന് ആക്കം കൂട്ടാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടക്കുന്ന പ്രചാരണങ്ങളെ കുറിച്ച് പട്രീഷ്യ കാമ്പോസ് മെല്ലോ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണങ്ങളുമായി ബോള്‍സോനാരോ രംഗത്തുവന്നത്.
തീവ്ര വലതുപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോടുള്ള ആദരവ് പൂര്‍ണമായും  ലംഘിച്ച കേസാണിതെന്ന് ഫോള്‍ഹ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജഡ്ജി ഇനാ ഡി ലെമോസ് ഇ സില്‍വ മച്ചാഡോയുടെ വിധി  നമുക്കെല്ലാവര്‍ക്കും ലഭിച്ച വിജയമെന്നാണ്  പട്രീഷ്യ കാമ്പോസ് മെല്ലോ സ്വാഗതം ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രൊഫഷണല്‍ ജേണലിസത്തിനും ഇതൊരു മികച്ച ദിവസമാണെന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം പ്രസിഡന്റിന്റെ മകന്‍ എഡ്വേര്‍ഡോ ബോള്‍സോനാരോക്കെതിരായ കേസിലും പട്രീഷ്യ ജയിച്ചിരുന്നു. പിതാവിന് അപകീര്‍ത്തിയുണ്ടാക്കുന്ന വിവരങ്ങള്‍ നേടുന്നതിനായി മാധ്യമപ്രവര്‍ത്തക ആളുകളെ വശീകരിക്കാന്‍ ശ്രമിച്ചുവെന്ന്  ആരോപിച്ച എഡ്വേര്‍ഡോ 5,210 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ശിക്ഷ.
എഡ്വേര്‍ഡോ ബോള്‍സോനാരോ തന്റെ രാഷ്ട്രീയ പങ്കിനെക്കുറിച്ചും പ്രസിഡന്റിന്റെ മകന്‍ എന്ന നിലയിലും പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന താക്കീതോടെ ആയിരുന്നു പിഴ വിധിച്ചത്.

 

Latest News