Sorry, you need to enable JavaScript to visit this website.

നൂറു കണക്കിന് സ്ത്രീകളെ ലൈംഗികമായി  പീഡിപ്പിച്ചു, 1.1 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

ലോസ്ഏഞ്ചല്‍സ്- അമേരിക്കയിലെ സര്‍വകലാശാലകളുടെ  ചരിത്രത്തില്‍ ആദ്യമായി കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി 1.1 ബില്യണ്‍ (72,000  കോടി രൂപ) നഷ്ടപരിഹാരം നല്‍കുന്നു. മാര്‍ച്ച് 25 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള ഒത്തുതീര്‍പ്പുണ്ടായത്. യൂണിവേഴ്‌സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ജോര്‍ജ് ടിന്‍ണ്ടല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നല്‍കുന്നതിനു യൂണിവേഴ്‌സിറ്റി ഒത്തുതീര്‍പ്പിലെത്തിയത്. പരിശോധന നടത്തുന്നതിനിടയിലാണ് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്നും ഇതിനെ കുറിച്ചു യൂണിവേഴ്‌സിറ്റിയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിന് യൂണിവേഴ്‌സിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു വ്യവഹാരത്തില്‍ ആരോപിക്കപ്പെട്ടിരുന്നത്.
2019 ജൂണില്‍ ജോര്‍ജ് ടിന്‍ണ്ടല്‍ അറസ്റ്റിലായി. കേസ് കോടതിയില്‍ എത്തിയപ്പോള്‍ നിരവധി സ്ത്രീകള്‍ തങ്ങളുടെ അനുഭവം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല യൂണിവേഴ്‌സിറ്റി ഈ സംഭവങ്ങളില്‍ അലംഭാവം പ്രകടിപ്പിച്ചുവെന്നും പരാതിക്കാര്‍ ആരോപിച്ചു. സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തില്‍ യൂണിവേഴ്‌സിറ്റി ഖേദിക്കുന്നതായും അവരുടെ വികാരത്തെ വ്രണപ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്റെ പ്രവര്‍ത്തി അംഗീകരിക്കാനാവില്ലെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിച്ചുകൊണ്ടു യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയ പ്രസിഡന്റ് കരോള്‍ ഫോര്‍ട്ട് പറഞ്ഞു.

Latest News