തൃശൂർ- സൗജന്യ റേഷനും കിറ്റും പെൻഷനും തെരഞ്ഞെടുപ്പ്കാലം കണക്കാക്കി നൽകുന്നതല്ലെന്നും കോവിഡ് കാലത്ത് രാജ്യം ലോക് ഡൗണിലായപ്പോൾ ആരും പട്ടിണികിടക്കരുതെന്ന് സർക്കാരെടുത്ത തീരുമാനമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയും പ്രതിപക്ഷവും അന്നംമുടക്കികളാവുകയാണ്. ഇവർ ഭരിക്കുമ്പോഴോ, ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലോ സൗജന്യകിറ്റോ കൃത്യമായ പെൻഷനോ കൊടുക്കുന്നില്ല. പ്രളയകാലത്തും കോവിഡ് കാലത്തും സർക്കാരിനെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും മുന്നോട്ട് വന്നപ്പോൾ അതിനെ മുടക്കുകയായിരുന്നു കോൺഗ്രസും പ്രതിപക്ഷവും. സൗജന്യ റേഷനും പെൻഷനും തെരഞ്ഞെടുപ്പ് കാലം കണക്കാക്കി നൽകുന്നതല്ല. പട്ടിണികിടക്കരുതെന്നത് കോവിഡ് കാലത്തെടുത്ത സർക്കാരിന്റെ തീരുമാനമാണ്. അതാണ് ഇപ്പോൾ പ്രതിപക്ഷം മുടക്കുന്നത്. ഇതിനുള്ള മറുപടിയായിരിക്കും കേരളം തെരഞ്ഞെടുപ്പിലൂടെ നൽകുന്നതെന്നും എം.എ.ബേബി പറഞ്ഞു. ചാലക്കുടിയിലെ കുറ്റിച്ചിറ, മരത്താക്കര, തൃപ്രയാർ, പാവറട്ടി എന്നിവിടങ്ങളിലായിരുന്നു ബേബിയുടെ പ്രചാരണം.