ധാക്ക- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ പരക്കെ അക്രമം വ്യാപിക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളിലെ അംഗങ്ങള്‍ കിഴക്കന്‍ ബംഗ്ലാദേശില്‍ ട്രെയിന്‍ ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ സംഘടിപ്പിച്ച പ്രകടനത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്തോളം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു ദിവത്തെ സന്ദര്‍ശനത്തിന് ശേഷം മോഡി രാജ്യത്തു നിന്നു മടങ്ങിയതിനു പിന്നാലെ അക്രമ സംഭവങ്ങള്‍ വ്യാപിക്കുകയായിരുന്നു.
വെളളിയാഴ്ച ധാക്കയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് കണ്ണീര്‍വാതകവും റബര്‍ ബുളളറ്റുകളും പ്രയോഗിച്ചു. ആയിരത്തോളം പ്രവര്‍ത്തകര്‍ ശനിയാഴ്ച ചിറ്റഗോംഗിലെയും ധാക്കയിലെയും തെരുവുകളില്‍ മാര്‍ച്ച് നടത്തി.
ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മോഡി വെള്ളിയാഴ്ച ധാക്കയിലെത്തിയത്. പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് 1.2 ദശലക്ഷം കോവിഡ് വാക്‌സിന്‍ സമ്മാനിച്ചതിന് ശേഷം ശനിയാഴ്ചയാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെയാണ് പലേടത്തും അ്ക്രമം പൊട്ടിപ്പുറപ്പെട്ടത്.






