വേങ്ങര- സ്ഥാനാര്‍ഥികളെ തീരുമാനിക്കും മുമ്പ് നടത്തിയ പ്രീ പോള്‍ സര്‍വേയൊന്നും വലിയ ഇഷ്യു ആക്കേണ്ടെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എഴുപതിലേറെ സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലേറും. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അപ്രതീക്ഷിത വിജയങ്ങളുണ്ടാവും. പ്രീ പോള്‍ സര്‍വേകള്‍ തെറ്റുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പല ജില്ലകളിലും ചെന്നിരുന്നു. അവിടെയുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് എല്‍ഡിഎഫ് പുറത്തേക്ക് എന്നാണ്. യുഡിഎഫ് ഉറപ്പായും ജയിക്കാന്‍ പോകുന്ന സീറ്റുകള്‍ 70 എണ്ണത്തില്‍ അധികം വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട് ജില്ലയില്‍ ഇത്തവണ അട്ടിമറികള്‍ യുഡിഎഫ് നടത്തും. എല്‍ഡിഎഫ് ജയിച്ച പട്ടാമ്പിയും കോങ്ങാടും ഉറപ്പായും യുഡിഎഫ് തിരിച്ചുപിടിക്കും. മുമ്പ് ജയിച്ച തൃത്താലയും പാലക്കാടും മണ്ണാര്‍ക്കാടും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തും. നിങ്ങള്‍ ഉറപ്പിച്ചോളൂ. ഇപ്പോള്‍ തന്നെ അഞ്ച് സീറ്റ് പാലക്കാട് നിന്ന് മാത്രമായി. ഇങ്ങനെ പല ജില്ലകളിലും കാര്യങ്ങള്‍ സര്‍വേ പോലെയല്ല. അത് പരിമിതമായ വോട്ടര്‍മാരെ മാത്രം സമീപിച്ച് നടത്തുന്ന സര്‍വേയാണ്. ഒന്നര ലക്ഷം വോട്ടര്‍മാരുടെ മനസ്സറിയാന്‍ ഇരുനൂറില്‍ താഴെ പേരെ കണ്ട് തയാറാക്കുന്നതാണ് അത്.
കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കും. കോഴിക്കോട് സൗത്ത് നിലനിര്‍ത്തുകയും ചെയ്യും. കോഴിക്കോട് നിന്ന് നല്ല ഒരു സംഖ്യ ഇത്തവണ യുഡിഎഫിന് വരും. ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ യുഡിഎഫിന്റെ സീറ്റ് നമ്പര്‍ എഴുപതിന് മുകളില്‍ എത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എത്ര സീറ്റെന്ന് ഞാന്‍ കൃത്യമായി പറയുന്നില്ല. കാരണം ആ കണക്ക് എന്റെ മനസ്സിലുണ്ട്. അതുവെച്ചിട്ടാണ് ഞാന്‍ പറയുന്നത്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്.