ജിദ്ദ- ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കുള്ള സൗദിയ വിമാനം റദ്ദാക്കിയതിനെ തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരില്‍ ഇരുപത് പേരെ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് എയർ ഇന്ത്യയുടെ മുബൈ വഴിയുള്ള വിമാനത്തില്‍ തിരുവന്തപുരത്തേക്കു യാത്രയാക്കി.
സൗദി സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നൽകിയിട്ടും ഇന്ത്യൻ സിവിൽ ഏവിയേഷൻ പെടുന്നനെ അനുമതി നിഷേധിച്ചതു കാരണമാണ് വിമാന സർവീസ് റദ്ദായത്.സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ ജിദ്ദയിൽ എത്തിയപ്പോഴാണ് യാത്ര മുടങ്ങിയത്. കുട്ടികളും കുടുംബങ്ങളും അടക്കം ഇരുനൂറിലധികം പേരാണ് ഈ ചാർട്ടർ വിമാനത്തിൽ ബുക്കിംഗ് നടത്തിയിരുന്നത്. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നിർദേശ പ്രകാരം കോൺസൽ ഹംന മറിയവും വൈസ് കോൺസൽ മാലതിയും വെള്ളിയാഴ്ച വിമാനത്തവാളത്തിൽ എത്തിയിരുന്നു.
16 മണിക്കൂർ കാത്തുനിന്നാണ് എയർ ഇന്ത്യയുടെ മുംബൈ തിരുവനന്തപുരം വിമാന കണക് ഷൻ യാത്രക്കാർക്കു ലഭ്യമായത്. പലരും എമിറേറ്റ്സിന്റെ വിമനത്തിൽ ബംഗളൂരുവിലേക്കും ചിലർ കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലും യാത്ര ചെയ്തു. ബാക്കിയുള്ളവർ യാത്ര മാറ്റിവെച്ചിരിക്കുകായാണ്.






