കോട്ടയം- ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ എരുമേലിയിൽ മത സൗഹാർദത്തിന്റെ സന്ദേശം ഓർമിപ്പിച്ച്, എടുത്തു പറഞ്ഞ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ടോമി കല്ലാനിയുടെ പ്രചാരണാർഥം ജില്ലയിൽ എത്തിയ രാഹുൽ തുറന്ന ജീപ്പിൽ നൈനാർ പള്ളിക്കു സമീപം നിന്നാണ് നാടിനോട് സംസാരിച്ചത്. ആരവങ്ങൾക്കിടെ പാറിപ്പറക്കുന്ന ത്രിവർണ പതാകയെ സാക്ഷിയാക്കി രാഹുൽ സംസാരിച്ചു.
റാന്നിയിൽ നിന്നും റോഡ് മാർഗം എരുമേലി വലിയമ്പലത്തിലെത്തിയ രാഹുൽ ഗാന്ധി ആദ്യം വലിയമ്പലത്തിൽ ദർശനം നടത്തി. ചെറിയമ്പലത്തിലും, വാവരു പള്ളിയിലും കയറിയ അദ്ദേഹം കാണിക്കയിട്ടാണ് മടങ്ങിത്. ഈ പ്രദേശത്ത് ആദ്യമായി വരികയാണെന്ന ആമുഖത്തോടെയാണ് രാഹുൽ തുടങ്ങിയത്. പക്ഷേ വലിയ ഇഷ്ടം തോന്നുന്നു. കാഴ്ചയിൽ തന്നെ, റോഡിന്റെ ഇരുവശത്തായി പള്ളിയും ക്ഷേത്രവും. രാജ്യത്തെ മതേതരത്വത്തിന്റെ മഹനീയ മാതൃകയാണ് ഇത്. ഇരു ആരാധനാലയങ്ങളിലും ആർക്കും പോകാം, വിലക്കുകളില്ല.
പക്ഷേ, അമ്പലവും പള്ളിയും അഭിമുഖമായുള്ള എരുമേലി ഇന്ത്യയുടെ പ്രതീകമാണ്. എന്നാൽ ഈ ആശയത്തെയാണ് മോഡിയും ആർ.എസ്.എസും തകർക്കാൻ പരിശ്രമിക്കുന്നത്. അവർ നമ്മുടെ ഐക്യം വിഭജിച്ച് വിദ്വേഷം പരത്താൻ ശ്രമിക്കുകയാണ്. എരുമേലിക്കാർ വലിയ സന്ദേശം നൽകുന്നു. നിങ്ങൾ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നത് നന്മയാണ്. കേന്ദ്ര സർക്കാർ ഐക്യം വിഭജിച്ച് വിദ്വേഷം പരത്താൻ ശ്രമിക്കുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ മത വിഭാഗക്കാരും ഒരുമയിൽ വിശ്വസിക്കുന്നു. പക്ഷേ, മോഡിക്കപ്പുറം ആരുമില്ലെന്ന് മോഡി വിശ്വസിക്കുന്നു. സി.പി.എമ്മിന്റെ കാര്യവും വ്യത്യസ്തമല്ല. കാറൽ മാർക്സാണ് എല്ലാമെന്നാണ് സി.പി.എമ്മിന്റെ വിശ്വാസം. എന്നാൽ അമ്പലങ്ങളും പള്ളികളും ഗുരുദ്വാരകളുമൊക്കെയാണ് രാജ്യത്തിന്റെ നൻമകളെന്നും രാഹുൽ പറഞ്ഞു.
കേരളത്തിലാകട്ടെ സ്ഥിതി അതിലും വ്യത്യസ്തമാണ്. ചെറുപ്പക്കാർക്ക് ജോലിയില്ല. കേരളം സാമ്പത്തിക തകർച്ച നേരിട്ടിരിക്കുകയാണ്. ഞാനാണ് എല്ലാം എന്ന വിചാരം മാറ്റി ജനങ്ങളാണ് വലുതെന്ന വിചാരം നമുക്കുണ്ടാകണം. ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞ നാളുകളെ കുറിച്ച് കൂടുതൽ പറയുന്നില്ല. അതെല്ലാം മറക്കാനാണ് ആഗ്രഹിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാൻ ഇടതു സർക്കാർ എന്തു പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അതിനുള്ള ഉത്തരം അവരിൽ നിന്ന് ലഭിക്കില്ല.
ഏഴു മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ ജനങ്ങളോട് അവരുടെ ബുദ്ധിമുട്ട് അന്വേഷിച്ചപ്പോൾ സാമ്പത്തികമായി വലിയ തകർച്ചയിലാണെന്നാണ് പറഞ്ഞത്. എല്ലാ മേഖലയിലും മുരടിപ്പ് നേരിട്ടിരിക്കുന്നു. ഇന്ധന വില വർധിച്ചതിനാൽ ഓട്ടോ തൊഴിലാളികളടക്കം കഷ്ടപ്പാടിലാണ്. അവർക്ക് സബ്സിഡി ആവശ്യമായി വരികയാണ്. സംസ്ഥാനത്ത് തൊഴിൽ രഹിതർ വർധിച്ചിരിക്കുന്നു. താനിവിടെ പഴയത് ആവർത്തിക്കാനല്ല വന്നത്. നമ്മുടെ പുരോഗതിക്ക് പുതിയ മാർഗനിർദേശ വഴികളുമായാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടു നിരോധനം, ജി.എസ്.ടി, കാർഷിക ബില്ല് എന്നിവയുടെ ലക്ഷ്യം തന്നെ സമ്പദ് മേഖലയെ തകർത്തെറിയലാണ്. ഇന്ധന വില വർധനവിലൂടെ സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ജനങ്ങളുടെ പോക്കറ്റിൽ പൈസയിടുന്നത്. യു.ഡി.എഫ് അത് ചെയ്യാനാഗ്രഹിക്കുകയാണ്. 6000 രൂപ ഒരു മാസം വെച്ച് 72,000 രൂപ പോക്കറ്റിലെത്തിക്കുന്ന ന്യായ് പദ്ധതിയുമായാണ് യു.ഡി.എഫ് എത്തുന്നത്. 2000 രൂപ വീട്ടമ്മമാരുടെയും കൈകളിലെത്തും. ക്ഷേമ പെൻഷനുകളെല്ലാം 3000 രൂപയാക്കും. ഇതാരുടെയും ഔദാര്യമല്ല. ഇതിലൂടെ കേരളത്തിലെ സമ്പദ്ഘടന പുനർജീവിപ്പിക്കാൻ സാധിക്കും. പെട്രോളില്ലാത്ത വാഹനമാണ് കേരളത്തിലെ പിണറായി സർക്കാറും ഉപയോഗിക്കുന്നത്. സർക്കാർ ആക്സിലേറ്റർ അമർത്തി കൊണ്ടേയിരിക്കുന്നു; വണ്ടി മുന്നോട്ടു പോകുന്നില്ല. വീണ്ടും ആവർത്തിക്കുന്നു. കാറൽ മാർക്സിന്റെ പുസ്തകം വായിച്ചിട്ടും അതിനുത്തരം ലഭിക്കുന്നില്ല -രാഹുൽ പരിഹസിച്ചു.
രാഹുൽ ഗാന്ധിക്കൊപ്പം കെ.സി വേണുഗോപാൽ എം.പി, ആന്റോ ആന്റണി എം.പി എന്നിവരുമുണ്ടായിരുന്നു. തുടർന്ന് കൂവപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ ഗ്രൗണ്ടിൽ നിന്നും ഹെലികോപ്ടറിൽ പീരുമേട്ടിലേക്ക് പോയി.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.ടോമി കല്ലാനി അനുഭവസമ്പത്തുള്ള സാരഥിയാണ്. ചെറുപ്പവും അറിവും സമന്വയിച്ച സ്ഥാനാർഥിയാണ് അദ്ദേഹമെന്നും രാഹുൽ വ്യക്തമാക്കി. അഡ്വ.ടോമി കല്ലാനിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.






