Sorry, you need to enable JavaScript to visit this website.

കാര്‍ റാഞ്ചിയ പെണ്‍കുട്ടികള്‍ അപകടമുണ്ടാക്കി,  പാക്കിസ്ഥാനി ഡ്രൈവര്‍ കൊല്ലപ്പെട്ടു 

ന്യൂയോര്‍ക്ക്- പെണ്‍കുട്ടികള്‍ കാര്‍ തട്ടിക്കൊണ്ട് പോകവെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് പോലീസ്. പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് കാര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. 
ഇരുവരെയും കോടതിയില്‍ ഹാജരാക്കി. വെര്‍ജിനിയ സ്പ്രിംഗ് ഫില്‍ഡില്‍ ഹോണ്ട എക്കോഡില്‍ ഇരിക്കുകയായിരുന്ന യൂബര്‍ ഈറ്റ് ഫുഡ് ഡെലിവറി ഡ്രൈവര്‍ മുഹമ്മദ് അന്‍വര്‍ (66) നെ ടെയ്‌സര്‍ ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയ ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു പെണ്‍കുട്ടികള്‍. മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ മുഹമ്മദ് സ്റ്റിയറിംഗ് പിടിച്ചു നിയന്ത്രിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് നാഷണല്‍ പാര്‍ക്ക് വാന്‍സ്ട്രീറ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കാറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളേയും  ഫോര്‍ട്ട് വാഷിംഗ്ടണില്‍ നിന്നും അറസ്റ്റു ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷിയായ നാഷണല്‍ ഗാര്‍ഡിലെ പോലീസ് ഓഫീസറാണ് ഇവരെ പിടികൂടിയത്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പെണ്‍കുട്ടികളുടെ വിശദവിവരം പുറത്തുവിട്ടില്ല. ആദ്യം പെണ്‍കുട്ടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ട് എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ കുട്ടികള്‍ കുറ്റം സമ്മതിച്ചു. അടുത്ത ഹിയറിംഗ് വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു. 

Latest News