ഇടതു കോട്ടയായ ബേപ്പൂരിൽ ത്രികോണച്ചൂട്  


കോഴിക്കോട് - പിണറായി വിജയന്റെ പാർട്ടിയിൽ എന്തുകൊണ്ടും ഉയർന്ന സ്ഥാനം പ്രതീക്ഷിക്കുന്ന ആളാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ് യു.ഡി.എഫ് സ്ഥാനാർഥി പി.എം. നിയാസ്. ബി.ജെ.പി പ്രതിനിധി പ്രകാശ് ബാബു യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരുന്നു. മൂവരും നിയമ ബിരുദധാരികൾ. 
ബേപ്പൂരിനാണെങ്കിൽ ഒരിക്കലേ ഇടതല്ലാത്ത ഒരാളെ നിയമസഭയിലയക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഓരോ തെരഞ്ഞെടുപ്പിലും യു.ഡി.എഫുകാർ അതോർക്കും. 1977 ൽ എൻ.പി.മൊയ്തീൻ സി.പി.എമ്മിലെ കരുത്തനായ ചാത്തുണ്ണി മാസ്റ്ററെ തോൽപിച്ച വിജയം. അന്നും പക്ഷേ സി.പി.ഐയുടെ പിന്തുണ എൻ.പിക്ക് ഉണ്ടായിരുന്നു.
കോൺഗ്രസും ലീഗും ബി.ജെ.പിയും ഒന്നിച്ചു ശ്രമിച്ചിട്ടും സി.പി.എമ്മിനെ കുലുക്കാൻ കഴിയാത്തതെന്നത് ബേപ്പൂരിലെ ഇടതുപക്ഷത്തിന് എന്നും ഖ്യാതിയാണ്. തുറമുഖവും നിരവധി വ്യവസായ ശാലകളുമുള്ളതുകൊണ്ട് തന്നെ ബേപ്പൂർ തൊഴിലാളികളുടെ കേന്ദ്രമാണ്. തീപ്പെട്ടി, ഓട്, മരം, ചെരിപ്പ് വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ബേപ്പൂർ മണ്ഡലം ഇന്ന് അവയുടെ ശവപ്പറമ്പാണ്. ഓട്, മരം, തീപ്പെട്ടി വ്യവസായങ്ങൾ പല കാരണങ്ങളാൽ നാടുനീങ്ങി. 


അവശേഷിക്കുന്നത് ചെരിപ്പ് വ്യവസായമാണ്. രണ്ടു തവണ എം.എൽ.എയായ വി.കെ.സി.മമ്മത് കോയയുടേതടക്കം ചെരിപ്പ് കമ്പനികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി. കുറച്ചു കമ്പനികൾ കിനാലൂർ എസ്റ്റേറ്റിലേക്കും മാറി. ബേപ്പൂരിലെ തുറമുഖത്തിനും മീൻ പിടിത്ത മേഖലക്കും തളർച്ച തന്നെ. 
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് യുവജന രാഷ്ട്രീയത്തിലെത്തി നിൽക്കുന്നവരാണ് പ്രധാനപ്പെട്ട മൂന്ന് സ്ഥാനാർഥികളും. എസ്.എഫ്.ഐ നേതാവെന്ന നിലയിൽ മുഹമ്മദ് റിയാസിന്റെ പ്രവർത്തന മണ്ഡലമായിരുന്നു ഫാറൂഖ് കോളേജ്. പി.എം.നിയാസാകട്ടെ, കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു. 
ബേപ്പൂർ ഉൾക്കൊള്ളുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ 2009 ൽ സ്ഥാനാർഥിയായിരുന്ന മുഹമ്മദ് റിയാസ് പിന്നീട് ഇപ്പോഴാണ് തെരഞ്ഞെടുപ്പിലേക്ക് വരുന്നത്. നിയാസ് അഞ്ചു വർഷം ബേപ്പൂർ മണ്ഡലത്തിലെ ബേപ്പൂർ പ്രദേശം മാത്രം ഉൾക്കൊള്ളുന്ന കോഴിക്കോട് നഗരസഭയിൽ അംഗമായിരുന്നു. പ്രകാശ് ബാബു ബേപ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2019 ൽ ലോക്‌സഭയിലേക്ക് ബേപ്പൂർ ഉൾക്കൊള്ളുന്ന കോഴിക്കോട് മണ്ഡലത്തിൽ മത്സരിച്ചു. 


പിണറായി വിജയന്റെ നോമിനി എന്ന നിലയിലാണ് 2009 ൽ മുഹമ്മദ് റിയാസ് കോഴിക്കോട് ലോക്‌സഭാ സീറ്റിൽ സ്ഥാനാർഥിയാവുന്നത്. 
ഇടതിന് ഉറപ്പായ മണ്ഡലമായതിനാൽ തന്നെ കോൺഗ്രസിൽ കോഴിക്കോട് സീറ്റിന് വലിയ പിടിവലി ഉണ്ടായില്ലെന്നതുകൊണ്ടു കൂടിയാണ് പയ്യന്നൂർകാരനായ എം.കെ.രാഘവന് സ്ഥാനാർഥിയാവാൻ പറ്റിയത്. ആയിരത്തിൽ താഴെ വോട്ടിന് രാഘവൻ ജയിച്ചത് വിശ്വസിക്കാൻ രാഘവനും യു.ഡി.എഫിനും വലിയ പ്രയാസമായി. 
പിന്നീട് രണ്ടു തവണ വമ്പൻമാരെ രാഘവൻ മുട്ടുകുത്തിച്ചത് വേറെ. ആ തോൽവി കാരണം പിന്നീട് സ്ഥാനാർഥിത്വം റിയാസിനെ തേടിവന്നില്ല. പിണറായി വിജയന്റെ മകളുടെ ഭർത്താവ് കൂടിയായതോടെ റിയാസിന് പാർട്ടിയിലും മുന്നണിയിലും പ്രാധാന്യം വർധിച്ചു. ഉറച്ച മണ്ഡലമെന്ന നിലയിൽ തന്നെയാണ് റിയാസ് ബേപ്പൂരിൽ വരുന്നത്. 
കോഴിക്കോട്ടുകാരനെന്ന നിലയിലെ വ്യക്തി ബന്ധങ്ങൾ മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷ വെച്ചു പുലർത്തുകയാണ് പി.എം. നിയാസ്. കോൺഗ്രസ് നേതാവായിരുന്ന കെ.സാദിരിക്കോയയുടെ മകനാണ് നിയാസ്. കോഴിക്കോട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. 


ലോക്‌സഭാ സ്ഥാനാർഥിയായിരിക്കേ ശബരിമല കേസുകളിൽ അറസ്റ്റിലായ പ്രകാശ് ബാബു ബി.ജെ.പി കേന്ദ്രങ്ങളിൽ ആവേശം സൃഷ്ടിക്കുന്നു. റിയാസ് വളരെ നേരത്തെ തന്നെ സ്ഥാനാർഥിത്വം ഉറപ്പിക്കുകയും പ്രചാരണം നടത്തുകയും ചെയ്‌തെങ്കിൽ നിയാസ് വളരെ വൈകിയാണ് കന്നി സീറ്റ് ഉറപ്പിക്കുന്നത്.  
കോഴിക്കോട് നഗരസഭയുടെ ഭാഗമായി മാറിയ ബേപ്പൂർ, ചെറുവണ്ണൂർ-നല്ലളം പ്രദേശങ്ങളും  കടലുണ്ടി പഞ്ചായത്തും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളും ഉൾപ്പെട്ടതാണ് ബേപ്പൂർ മണ്ഡലം.  ബേപ്പൂർ, ചെറുവണ്ണൂർ - നല്ലളം പ്രദേശത്തെ നഗരസഭാ വാർഡുകളിൽ ബഹുഭൂരിപക്ഷവും ജയിച്ചത് എൽ.ഡി.എഫാണ്. ബേപ്പൂരിൽ പെടുന്ന പ്രദേശത്തെ എല്ലാ വാർഡിലും ജയിച്ചത് എൽ.ഡി.എഫാണ്. ചെറുവണ്ണൂർ നല്ലളം പ്രദേശത്തെ ഏഴ് വാർഡുകളിൽ രണ്ടിടത്ത് മാത്രമേ യു.ഡി.എഫിന് ജയിക്കാനായുള്ളൂ. ബേപ്പൂരിലെ ഏഴ് വാർഡുകളിലും എൽ.ഡി.എഫ് ജയിച്ചുവെന്ന് മാത്രമല്ല, ആറിടത്തും ബി.ജെ.പിയാണ് രണ്ടാമത്. 2015 ൽ ഇവിടെ മൂന്ന് വാർഡുകളിൽ ബി.ജെ.പിയാണ് ജയിച്ചതെന്നതിനാൽ ബി.ജെ.പിയെ തടയാൻ യു.ഡി.എഫിലെ ഒരു ഭാഗം വോട്ടുകൾ ഇടതിന് പോയി. 


ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള ബേപ്പൂരിൽ 1991 ൽ യു.ഡി.എഫിനു െബി.ജെ.പിക്കും സംയുക്ത സ്ഥാനാർഥിയായിരുന്നു. ഡോ. കെ. മാധവൻ കുട്ടിയെ സ്വതന്ത്രനാക്കി നിർത്തി യു.ഡി.എഫും ബി.ജെ.പി.യും പിന്തുണച്ചെങ്കിലും സി.പി.എമ്മിലെ ടി.കെ.ഹംസയെ തോൽപിക്കാനായില്ല.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.കെ. രാഘവന്  10,423 വോട്ടിന്റെ ഭൂരിപക്ഷം നൽകിയെന്നതാണ് ബേപ്പൂരിനും മാറാൻ പറ്റുമെന്ന തോന്നൽ യു.ഡി.എഫിലുണ്ടാക്കുന്നത്. 27,950 വോട്ട് ബി.ജെ.പിയിലെ പ്രകാശ് ബാബുവിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചു. 2011 ൽ ഇത് 11,040 ആയിരുന്നു. 

 

Latest News