നാലു പതിറ്റാണ്ട് കോൺഗ്രസിനൊപ്പം നിന്ന ഇരിക്കൂറിൽ ചരിത്രം ആവർത്തിക്കുമോ?

കണ്ണൂർ - സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ച ഇരിക്കൂർ നിയോജക മണ്ഡലം ആരു നേടും? നാല് പതിറ്റാണ്ടു കാലം കോൺഗ്രസിലെ കെ.സി.ജോസഫ് കൈവശം വെച്ച് യു.ഡി.എഫിന്റെ സംസ്ഥാനത്തെ അഭിമാന മണ്ഡലമായ ഇരിക്കൂറിൽ ഇത്തവണ മീനച്ചൂടിലും പോരാട്ടം കനക്കുകയാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് യു.ഡി.എഫിന് വേണ്ടി കളത്തിലിറങ്ങുമ്പോൾ എതിരിടാനെത്തുന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ സജി കുറ്റിയാനിമറ്റമാണ്. മലയോര മണ്ഡലത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന പ്രതിജ്ഞയുമായി ബി.ജെ.പി സ്ഥാനാർഥി ആനിയമ്മ രാജേന്ദ്രനും രംഗത്തുണ്ട്.


ശ്രീകണ്ഠാപുരം നഗര സഭയും ഇരിക്കൂർ, ഉളിക്കൽ, പയ്യാവൂർ, എരുവേശ്ശി, നടുവിൽ, ആലക്കോട്, ഉദയഗിരി, ചെങ്ങളായി പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന ഇരിക്കൂർ മണ്ഡലം ഒരു കാലത്ത് യു.ഡി.എഫിന്റെ കോട്ടയായിരുന്നു. 1982 മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കെ.സി.ജോസഫ് വിജയിച്ചു വന്ന മണ്ഡലം. ഇത്തവണ കെ.സി.ജോസഫ് ഒഴിഞ്ഞപ്പോൾ എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യനെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചത്. എന്നാൽ ഹൈക്കമാൻഡ് ലിസ്റ്റ് വന്നപ്പോൾ സജീവ് ജോസഫ് സ്ഥാനാർഥി ലിസ്റ്റിൽ വന്നതോടെ കോൺഗ്രസിൽ പടയിളക്കമായി. മുമ്പെങ്ങുമില്ലാത്ത വിധം പ്രതിഷേധ പ്രകടനവും ഓഫീസ് അടച്ചിടലും രാപ്പകൽ സത്യഗ്രഹവും പ്രചാരണ ബഹിഷ്‌കരണവും അടക്കം അരങ്ങേറി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഉൾപ്പെടെയുള്ളവരാണ് ഈ പ്രക്ഷോഭങ്ങൾക്ക് എ ഗ്രൂപ്പ് ലേബലിൽ നേതൃത്വം നൽകിയത്. പിന്നീട് ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഇടപെട്ട് പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിച്ചുവെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.


യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിലെത്തിയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാർഥി സജി കുറ്റിയാനിമറ്റമാണ് ഇടതു സ്ഥാനാർഥി. മണ്ഡലത്തിന് സുപരിചിതനായ സജി കരുവഞ്ചാൽ വെള്ളാട് സ്വദേശിയാണ്.  നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. മുൻകാലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് ഇവിടെ വിജയിച്ചിരുന്നത്. സി.പിഎം സ്ഥാനാർഥികൾ എത്തിയപ്പോൾ മാത്രമാണ് കെ.സി.ജോസഫിന്റെ ഭൂരിപക്ഷം കുറക്കാൻ സാധിച്ചത്.
മണ്ഡലത്തിൽ കോൺഗ്രസിനകത്തെ ഗ്രൂപ്പ് പ്രശ്‌നത്തിലാണ് ഇടതു മുന്നണിയുടെ നോട്ടം. നേരത്തെ യു.ഡി.എഫിന് ലഭിച്ചിരുന്ന വോട്ടുകൾ സജി കുറ്റിയാനിമറ്റത്തിലൂടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ രണ്ട് ഘടകങ്ങളിലൂടെ മണ്ഡലം പിടിക്കുന്നതിന് സി.പി.എമ്മിന്റെ സംഘടനാ ശേഷി ഉൾപ്പെടെ ഉപയോഗപ്പെടുത്തി പ്രചാരണം ശക്തമാക്കിയിരിക്കയാണ്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം പ്രചാരണത്തിനെത്തിക്കഴിഞ്ഞു. മണ്ഡലത്തിലെ വികസന മുരടിപ്പാണ് പ്രധാന പ്രചരണായുധം.


യു.ഡി.എഫ് പ്രചാരണത്തിന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം എത്തി. മണ്ഡലം കൺവെൻഷൻ വൻ വിജയമായതും ഇവർക്ക് ആത്മവിശ്വാസം നൽകുന്നു. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ വരും ദിനങ്ങളിൽ ഇരിക്കൂറിൽ പ്രചാരണത്തിനെത്തുന്നുണ്ട്. സജീവ് ജോസഫിന് വേണ്ടി വോട്ടഭ്യർഥിക്കുന്നതിന് കെ.സി ജോസഫും മണ്ഡലത്തിൽ സജീവമാണ്. 
മണ്ഡലത്തിൽ സുപരിചിതയായ ആനിയമ്മ രാജേന്ദ്രനാണ് ബി.ജെ.പി സ്ഥാനാർഥി. ഇരിക്കൂർ മണ്ഡലത്തിൽ ഇത്തവണ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. കഴിഞ്ഞ തവണ പയ്യന്നൂരിൽ മത്സരിച്ച ഇവർ ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആലക്കോട് ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.


 

Latest News