കണ്ണൂർ- കേരളത്തിലെ ഇരുമുന്നണികളും അഴിമതിയുടെ അപ്പോസ്തലൻമാരായിരിക്കുകയാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. കണ്ണൂർ ധർമ്മടം മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സി.കെ. പദ്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ചക്കരക്കല്ലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു മുന്നണികളും കസേരകളി നടത്തുകയാണ്. ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചു നിൽക്കുന്നു പക്ഷേ കേരളത്തിൽ ഇരു മുന്നണികളും മത്സരിക്കുന്നു. പുതിയ കേരളം മോഡിക്കൊപ്പമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി എപ്പോഴും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ജനങ്ങൾക്കൊപ്പം ഉണ്ടായിരിക്കും ജെ.പി.നദ്ദ പറഞ്ഞു.
ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭന് വോട്ട് തേടിയാണ് ദേശീയ അധ്യക്ഷൻ ജെപി നദ്ദ കണ്ണൂർ ധർമ്മടത്ത് എത്തിയത്. വിമാന മാർഗം കണ്ണൂരിലെത്തിയ നദ്ദയെ ധർമ്മടം നാലാം പീടികയിൽ നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോെട ചക്കരക്കൽ വരെ റോഡ് ഷോ ആയി ആനയിച്ചു. ചക്കരക്കല്ലിൽ നടന്ന സ്വീകരണത്തിൽ എൽ.ഡി. എഫിനും യു.ഡി.എഫിനും എതിരെ അതിരൂക്ഷ വിമർശനമാണ് ജെ.പി നദ്ദ ഉയർത്തിയത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുത്തു. രാവിലെ കോഴിക്കോട് നിന്ന് ആണ് കണ്ണൂരിലേക്കു വന്നത്. കണ്ണൂർ വിമാന ത്താവളത്തിൽ ബിജെപി ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
ബിജെപി സംസ്ഥാന സഹപ്രഭാരി സുനിൽകുമാർ കാർക്കള, കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ബിജു ഏളക്കുഴി, രാജൻ പുതുക്കുടി തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.






