തപാല്‍ വോട്ട് ശേഖരണത്തില്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ യു.ഡി.എഫ് തടഞ്ഞുവച്ചു

നെടുമ്പാശേരി-തപാല്‍ വോട്ടുകള്‍ ശേഖരിക്കുന്ന നടപടി സുതാര്യമല്ലെന്നാരോപിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. കളമശ്ശേരി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 80 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ വീടുകളിലെത്തി ശേഖരിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇത്തരത്തില്‍ വോട്ട് ചെയ്ത് കവറുകളിലാക്കി ഒട്ടിച്ച് ഉദ്യോഗസ്ഥരെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഈ കവറുകള്‍ യാതൊരു സുരക്ഷയും ഇല്ലാതെ സഞ്ചിയില്‍ ശേഖരിക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇത് സീല്‍ വെച്ച പെട്ടിയില്‍ ശേഖരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സഞ്ചിയില്‍ ശേഖരിക്കുന്ന കവറുകളില്‍ നിന്നും വോട്ടുകള്‍ മാറ്റാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ജനവിധി അട്ടിമറിക്കാനുള്ള ഭരണപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരത്തില്‍ വോട്ടു ചെയ്ത കവറുകള്‍ സഞ്ചിയില്‍ ശേഖരിക്കുന്നതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ സുധീര്‍ പറഞ്ഞു. പിന്നീട് സീല്‍ വെച്ച പെട്ടിയില്‍ നിക്ഷേപിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതിനിടയില്‍ കവര്‍ മാറ്റി വോട്ട് തന്നെ മാറ്റിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. ഒരു ബൂത്തില്‍ 80 മുതല്‍ 200 വരെ വോട്ടുകള്‍ ഇത്തരത്തില്‍ ഉണ്ടെന്നിരിക്കെ തിരഞ്ഞെടുപ്പ് ഫലം തന്നെ തിരുത്തിയെഴുതാന്‍ ഇതിലൂടെ കഴിയുമെന്നും സുധീര്‍ പറഞ്ഞു. രണ്ട് മണിക്കൂറോളം ഉദ്യോഗസ്ഥരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഇതിനിടയില്‍ ചെങ്ങമനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തി. പൊലിസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം വാക്കേറ്റമുണ്ടായി. പിന്നീട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അഷ്റഫ് മൂപ്പന്റെ നേതൃത്വത്തില്‍  പ്രതിഷേധക്കാരുമായി പൊലിസ് നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുന്നത് വരെ തല്‍ക്കാലം നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

 

Latest News