വോട്ടിംഗ് മെഷീനിൽ താമരക്ക് വലിപ്പം കൂടുതൽ; ക്രമീകരണം ജില്ലാ കലക്ടർ നിർത്തിവെച്ചു

കാസർകോട് - നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാസർകോട് മണ്ഡലത്തിലെ വോട്ടിംഗ് മെഷീനിലെ ബാലറ്റ് പേപ്പറിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ താമര ചിഹ്നം വലുതായും യു ഡി എഫിന്റെ ഏണി, എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ ആന ചിഹ്നങ്ങൾ ചെറുതായും കാണപ്പെട്ടതിനെ തുടർന്ന് മെഷീനുകളുടെ ക്രമീകരണം ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു ഇടപെട്ടു നിർത്തിവെച്ചു. ഇന്നലെ രാവിലെ കാസർകോട് ഗവ. കോളേജിലാണ് വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധന സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ നടന്നത്. കാസർകോട് മണ്ഡലത്തിലെ യു.ഡി.എഫിന്റെ ചിഹ്നമായ ഏണി അടയാളം തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച അളവിലും വളരെ ചെറുതായാണ് ഉള്ളതെന്ന് കണ്ടെത്തിയതിനെ തുടർന്ന് എൻ എ നെല്ലിക്കുന്ന് എം എൽ.എ ജില്ലാ കലക്ടർക്ക് പരാതി നൽകി.

തുടർന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എം എ ലത്തീഫും ചീഫ് ഏജന്റും ഇതേ പരാതി ഉന്നയിച്ചു. ജില്ലാ കലക്ടർ നടത്തിയ പരിശോധനയിൽ പരാതിയിൽ കഴമ്പുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ക്രമീകരണം താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചത്. ബി.ജെ.പിയുടെ ചിഹ്നമായ താമര നിശ്ചിത അളവിലും വലുതായാണ് ഉള്ളതെന്നും ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ഇ.വി.എം പരിശോധന താൽക്കാലികമായി നിർത്തിവെച്ച ശേഷം വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയുടെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം തുടർ നടപടികൾ ഉണ്ടാവും. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നും എൻ.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

Latest News