Sorry, you need to enable JavaScript to visit this website.

സിനിമക്ക് ഉപയോഗിക്കുന്ന ഒന്നരക്കോടിയുടെ വ്യാജ നോട്ട് നല്‍കി 500 കിലോ കഞ്ചാവ് വാങ്ങി

ബംഗളൂരു- സിനിമാ സ്റ്റുഡിയോയില്‍ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന വ്യാജ നോട്ടുകള്‍ നല്‍കി ബംഗളൂരു പോലീസ് ഒന്നര കോടി രൂപയുടെ കഞ്ചാവ് വാങ്ങി. വേഷം മാറി നടത്തിയ ഓപ്പറേഷനിലൂടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചു.

മയക്കുമരുന്ന് വാങ്ങുന്നതിനായി സ്റ്റുഡിയോകളില്‍ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന വ്യാജ നോട്ടുകളാണ് പോലീസ് സംഘടിപ്പിച്ചത്. ഒരേ സീരിയല്‍‌ നമ്പറിലുള്ള 2000 രൂപയുടെ വ്യാജ നോട്ടുകളുടെ കെട്ടുകള്‍.

ചില ചെറുകിട മയക്കുമരുന്ന് വില്‍പനക്കാർ വഴിയാണ് വലിയ കച്ചവടക്കാരുമായി പോലീസുകാർ പരിചയപ്പടുത്തിയത്.

ഒരു കോടി രൂപ ഇല്ലാത്തതിനാലും സുരക്ഷാ കാരണങ്ങളാലുമാണ് വ്യാജ നോട്ടുകള്‍ക്കായി ഫിലിം സ്റ്റുഡിയോയെ സമീപിക്കാന്‍ തീരുമാനിച്ചത്.  ഈവർഷം ബംഗളൂരുവില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. വിജയിക്കുമോയെന്ന്  പോലീസുകാർക്ക് ആദ്യം സംശയമുണ്ടായിരുന്നു.എന്നാല്‍ രണ്ടായിരത്തിന്‍റെ നോട്ടുകെട്ടുകള്‍ തീർത്തും ഒറിജിനില്‍ പോലെ തന്നെ ആയിരുന്നു. 

പ്രദേശത്ത് മയക്കുമരുന്ന് വില്‍പന കൂടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് വൈറ്റ് ഫീല്‍ഡ് ഡിവിഷനെ ഏല്‍പിച്ചതെന്ന് ബംഗളൂരു പോലീസ് കമ്മീഷണർ കമല്‍ പാന്ത് പറഞ്ഞു.

അന്വേഷണത്തിനായി ചെന്ന പോലീസുകാർ ഏതാനും വില്‍പനക്കാരെ കണ്ടെത്തുകയും അവരോട് വലിയ വിതരണക്കാരെ പരിചയപ്പെടുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ബിഗ് കസ്റ്റമറെ കിട്ടിയ സന്തോഷത്തില്‍ വിതരണക്കാർ എത്ര കിലോ മാരിജുവാന വേണമെന്ന് അന്വേഷിക്കുകയായിരുന്നു. പരമാവധി പിടിച്ചെടുക്കാന്‍ പദ്ധതിയിട്ട പോലീസുകാർ എത്ര കിട്ടിയാലും വാങ്ങുമെന്നും പണം ഒരു പ്രശ്നമല്ലെന്നും അറിയിച്ചു.

രണ്ടാമത്തെ മീറ്റിംഗിലാണ് സ്യൂട്ട് കേസില്‍ പണവുമായി പോലീസുകാർ പോയത്. മയക്കുമരുന്ന് വിതരണക്കാർ നോട്ടിന്‍റെ സീരിയല്‍ നമ്പർ നോക്കിയാല്‍ പദ്ധതി പൊളിയുമെന്ന സംശയമുണ്ടായിരുന്നു. പക്ഷേ എല്ലാം വളരെ സുഗമമായി നടന്നുവെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു.

Latest News