ജിദ്ദ - സൗദി അറേബ്യയിലെ ജിദ്ദയില്‍ നഗരമധ്യത്തിലെ ഫലസ്തീന്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ അഗ്നിബാധ. യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ബങ്കിലെ പെട്രോള്‍ പമ്പ് ഇടിച്ച് തള്ളിയിടുകയായിരുന്നു. നിലംപതിച്ച പെട്രോള്‍ പമ്പില്‍ ഇന്ധന ചോര്‍ച്ചയും അഗ്നിബാധയുമുണ്ടായി. പെട്രോള്‍ ബങ്കില്‍ നിറയെ വാഹനങ്ങളുള്ള സമയത്താണ് അപകടം.
ഇന്ധനം നിറക്കാന്‍ ബങ്കിലെത്തി ലൈനില്‍ കാത്തുനില്‍ക്കുന്നതിനിടെ മുന്നിലെ കാര്‍ നീങ്ങിയതോടെ സാവകാശം മുന്നോട്ടെടുക്കുന്നതിനിടെയാണ് യുവതി അപകടമുണ്ടാക്കിയത്. പമ്പ് ഇടിച്ചുതള്ളിയിടുകയും അഗ്നിബാധയുണ്ടാവുകയും ചെയ്തതോടെ ഇവര്‍ വേഗത്തില്‍ തന്റെ കാര്‍ പിന്നോട്ടെടുത്തു.
അഗ്നിബാധയുണ്ടായതോടെ പെട്രോള്‍ ബങ്കിലുണ്ടായിരുന്നവര്‍ ജീവനും കൊണ്ട് നാലുപാടും ഓടി. മറ്റു കാറുകള്‍ വേഗത്തില്‍ ബങ്കില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്തു.
പെട്രോള്‍ ബങ്ക് ജീവനക്കാര്‍ ഓടിക്കൂടി അഗ്നിശമന സിലിണ്ടറുകള്‍ ഉപയോഗിച്ച് കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി പമ്പിലെ തീ അണച്ചു. അപകടത്തിന്റെയും അഗ്നിബാധയുടെയും അഗ്നിശമന ശ്രമങ്ങളുടെയും ദൃശ്യങ്ങള്‍ പെട്രോള്‍ ബങ്കിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.






