ലൈസന്‍സില്ലാതെ വിമാനം പറത്താനിരുന്ന  ഒമാന്‍ എയര്‍ പൈലറ്റിനെ ദല്‍ഹിയില്‍ തടഞ്ഞു

ന്യൂദല്‍ഹി- റോഡുകളില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിടികൂടാന്‍ പോലീസ് എപ്പോഴുമുണ്ടാകും. വിമാനം പറത്തുന്നവരുടെ കാര്യത്തില്‍ വലിയ പരിശോധനയൊന്നുമില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പ് ലൈസന്‍സില്ലാതെ വിമാനം പറത്താനിരുന്ന ഒരു പൈലറ്റിനെ കയ്യോടെ പിടികൂടി. ന്യുദല്‍ഹിയില്‍ നിന്ന് മസ്‌കത്തിലേക്ക് പറക്കാനിരുന്ന ഒമാന്‍ എയര്‍ വിമാനത്തിന്റെ കോ പൈലറ്റാണ് വെട്ടിലായത്. 

ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സംഘത്തിന്റെ മിന്നല്‍ പരിശോധനയിലാണ് ഒമാന്‍ എയര്‍ പൈലറ്റിന്റെ കയ്യില്‍ ലൈസന്‍സില്ലെന്ന് കണ്ടെത്തിയത്. ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം പറയുന്നയരാന്‍ തയാറെടുക്കുന്നതിനിടെയാണിത്. ഉടന്‍ തന്നെ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി.

വിദേശ വിമാനങ്ങളിലെ പൈലറ്റുമാരുടെ ലൈസന്‍സ് പരിശോധന ഡിജിസിഎ കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിരുന്നു മിന്നല്‍ പരിശോധന. കോമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കാണിച്ചു കൊടുക്കാന്‍ പൈലറ്റിനായില്ല. ഉടന്‍ തന്നെ ഒമാന്‍ എയര്‍ ഇടപെട്ട് ഇദ്ദേഹത്തിന്റെ ലൈസന്‍സിന്റെ കോപ്പി ദല്‍ഹിയിലേക്ക് ഫാക്സ് ചെയ്തു. ഇതു പരിശോധിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് വിമാനത്തെ പറന്നുയരാന്‍ അനുവദിച്ചത്. വിമാനം രണ്ടു മണിക്കൂര്‍ താമസിച്ചാണ് പുറപ്പെട്ടത്.

Latest News