Sorry, you need to enable JavaScript to visit this website.

രാജ്യസഭാ തെരഞ്ഞെടുപ്പു മാറ്റിയത് ഭരണഘടനാ ലംഘനം- യെച്ചൂരി

തൃശൂർ- രാജ്യസഭയിലേക്കു പ്രഖ്യാപിച്ച മൂന്ന് അംഗങ്ങളുടെ തെരഞ്ഞെടുപ്പു മാറ്റിവച്ചതു ഭരണഘടനാ ലംഘനമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചശേഷം നിർത്തിവെക്കാനാവില്ല. തെരഞ്ഞെടുപ്പു മാറ്റിവയ്ക്കൽ നിലവിലുള്ള സഭാംഗങ്ങളുടെ അവകാശങ്ങൾ ഹനിക്കുകയാണ്. രാഷ്ട്രീയ വൈര്യത്തിന്റെ പേരിലുള്ള പ്രതികാര നടപടിയാണിത്. രാജ്യസഭയിൽ കേരളത്തിന്റെ പ്രാതിനിധ്യം നിഷേധിക്കുകയാണ്. യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ല. സുപ്രീം കോടതി വിധിച്ചതുതന്നെയാണു പാർട്ടിയുടെ നിലപാട്. എന്നാൽ ആശയക്കുഴപ്പമുണ്ടെന്നു പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമം. ഫെഡറൽ തത്ത്വങ്ങളെ അട്ടിമറിക്കുകയാണ്. വിവിധ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ എംഎൽഎമാരെ വിലയ്‌ക്കെടുക്കുന്നതാണു പല സംസ്ഥാനങ്ങളിലും നാം കണ്ടത്. സിബിഐയെ ഉപയോഗിച്ചും ഇതേ നയം നടപ്പാക്കുന്നു. ബിജെപി സർക്കാരിന്റെ രാഷ്ട്രീയ ഏജന്റായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുന്നത്.
കേരളത്തിൽ ഓരോ തവണയും മുന്നണി ഭരണം മാറിമാറി വരുന്ന പതിവു രീതി ഇത്തവണ ഉണ്ടാകില്ല. ഭരണത്തുടർച്ചയിലേക്കു നീങ്ങുകയാണ്. എല്ലാ പ്രതിസന്ധികളേയും ഒന്നിച്ചു നേരിട്ട സർക്കാരാണിത്. അനേകം ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്കു നൽകിയതിന്റെ മികവാണ് ഭരണത്തുടർച്ചയ്ക്ക് ആധാരം.
നേമം മണ്ഡലത്തിൽ അടക്കം പലയിടത്തും കോൺഗ്രസ് ബിജെപി രഹസ്യബന്ധമുണ്ട്. സിപിഎം സെക്രട്ടറിയായി എ. വിജയരാഘവൻ തുടരും. കോടിയേരി ബാലകൃഷ്ണൻ സുഖം പ്രാപിച്ചുവരുന്ന മുറയ്ക്ക് അദ്ദേഹം സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കും. യെച്ചൂരി പറഞ്ഞു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസും ഉണ്ടായിരുന്നു.

Latest News