പാലക്കാട്- കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമ്പദ്ഘടന തകര്‍ന്നിട്ടും ഇന്ധനമില്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും താക്കോല്‍ തിരിക്കുന്നതിന് മുന്‍പ് ഇന്ധനമുണ്ടോയെന്ന് നോക്കണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ റോഡ് ഷോയോടനുബന്ധിച്ച് കോട്ട മൈതാനത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനമില്ലാത്ത വാഹനമാണ് കേരളത്തില്‍ മുഖ്യമന്ത്രി ഓടിക്കാന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇവിടത്തെ സാമ്പത്തിക രംഗം തകര്‍ന്നു തരിപ്പണമായിരിക്കുന്നു. സാമ്പത്തിക രംഗമാകുന്ന വാഹനത്തിന്റെ താക്കോല്‍ തിരിക്കും മുമ്പ് അതില്‍ ഇന്ധനമുണ്ടോ എന്ന് നോക്കണം. സ്റ്റാര്‍ട്ടാവാത്ത വണ്ടിയിലാണ് മുഖ്യമന്ത്രിയിരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കു ജീവിക്കാനായി മാസം 6000 രൂപ ലഭിക്കുന്ന ന്യായ് പദ്ധതി കൊണ്ടുവരും. ഒരു വര്‍ഷം 72000 രൂപ ലഭിക്കുന്ന പദ്ധതിക്കു സര്‍ക്കാര്‍തലത്തില്‍ സാമ്പത്തിക സ്രോതസും കണ്ടെത്തും. വ്യവസായിക, കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ് നല്‍കിയായിരിക്കും സാമ്പത്തിക സ്രോതസുണ്ടാക്കുകയെന്നും രാഹുല്‍ പറഞ്ഞു.