Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ ആഡംബര വിമാനം ഉപയോഗശൂന്യമായി 

വാഷിംഗ്ടണ്‍- യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആര്‍ഭാട ജീവിതത്തിന്റെ മുഖമുദ്രയായ ആഡംബര വിമാനമായ ബോയിങ് 757 കട്ടപ്പുറത്തെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിന് മുന്‍പ് ട്രംപ് യാത്ര ചെയ്തിരുന്നത് ഈ വിമാനത്തിലാണ്. ഇരിപ്പിടം 24 കാരറ്റില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞതായിരുന്നു. വിമാനം ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഓറഞ്ച് കൗണ്ടി എയര്‍പോര്‍ട്ട് റാംപില്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.ട്രംപിന്റെ ഇഷ്ടവിമാനം ഇനി പറക്കണമെങ്കില്‍ വലിയൊരു തുക മുടക്കേണ്ടിവരും. ഇരട്ട എഞ്ചിനുകളില്‍ ഒന്ന് പൂര്‍ണമായും മാറ്റേണ്ടിവരും. ഇതിന് മാത്രം പത്ത് ലക്ഷത്തില്‍ അധികം ഡോളര്‍ ചെലവ് വരും. ട്രംപ് ഉപയോഗിച്ചിരുന്ന കാലത്ത് തന്നെ വലിയ പണച്ചിലവായിരുന്നു വിമാനം പറന്നുയരുന്നതിന്. ഏതാണ്ട് ഒരു മണിക്കൂര്‍ പറക്കുന്നതിന് 15000 ഡോളര്‍ മുതല്‍ 18000 ഡോളര്‍ വരെയാണ് ചെലവ്. 
2010ല്‍ മൈക്രൊസോഫ്സ്റ്റ് സഹ സ്ഥാപകനും ശതകോടീശ്വരനുമായ പോള്‍ അലനില്‍ നിന്നാണ് ട്രംപ് വിമാനം സ്വന്തമാക്കുന്നത്. അലന്‍ പോള്‍ വിമാനം വാങ്ങുന്നതിന് മുന്‍പ് 1990കളില്‍ മെക്‌സിക്കോയില്‍ യാത്രാവിമാനമായാണ് ബോയിംഗ് 757 ഉപയോഗിച്ചിരുന്നത്. 223 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന വിമാനം ട്രംപ് പുതുക്കി പണിത് 43 പേര്‍ക്ക് യാത്രചെയ്യാവുന്നതാക്കി ചുരുക്കിയിരുന്നു.
കിടപ്പുമുറി, അടുക്കള, ഗസ്റ്റ് റൂം, വിഐപി ഏരിയ, ഗാലറി എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും വിമാനത്തിലുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ പ്രചാരണ കാലം മുതല്‍ ട്രംപ് ബോയിംഗ് വിമാനത്തിന്റെ ചെലവ് അറിഞ്ഞിരുന്നില്ല. എന്നാലിപ്പോഴത്തെ സാഹചര്യത്തില്‍ വിമാനം പൊടിതട്ടിയെടുക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.

Latest News