ന്യുദല്‍ഹി- വിവാഹത്തോടെ സ്ത്രീയുടെ മത വിശ്വാസം ഭര്‍ത്താവിന്റെ മതവിശ്വാസത്തില്‍ ലയിക്കുമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി. ഇത് അംഗീരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, എം എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സമുദായത്തിനു പുറത്തുനിന്ന് വിവാഹം ചെയ്തെന്ന കാരണത്താല്‍ മതാപിതാക്കളുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ആരാധാനലയത്തില്‍ പ്രവേശനം നിഷേധിച്ച പാഴ്സി വനിതയുടെ ഹരജിയിലാണ് കോടതി വിധി. വല്‍സദ് സൊരാഷ്ട്രിയന്‍ ട്രസ്റ്റ് പാഴ്സി യുവതിയെ തങ്ങളുടെ ആരാധനാ കേന്ദ്രമായ നിശബ്ദ ഗോപുരത്തിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ട്രസ്റ്റ് ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഭാര്യയുടെ മതം വിവാഹത്തോടെ ഭര്‍ത്താവിന്റെ മതത്തില്‍ ലയിക്കുമെന്ന വാദം പ്രത്യക്ഷത്തില്‍ തന്നെ ഏകപക്ഷീയമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പാഴ്സി പുരുഷന്‍മാര്‍ക്ക് ഇത്തരമൊരു വിലക്കില്ലെന്നിരിക്കെ പാഴ്സി സ്ത്രീകള്‍ക്കും മാത്രം വിലക്കേര്‍പ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. വിവാഹ ബന്ധത്തെ അടിസ്ഥാനമാക്കി ഒരു സ്ത്രീയുടെ പൗരാവകാശങ്ങള്‍ ഒരിക്കലും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഇത്തരം കടുപിടുത്തം ഒഴിവാക്കണമെന്നും സ്വന്തം മാതാപിതാക്കളുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള മക്കളുടെ ആഗ്രഹത്തെയും വികാരങ്ങളേയും കണക്കിലെടുക്കണമെന്നും വല്‍സദ് സ്വരാഷ്ട്രിയന്‍ ട്രസ്റ്റിനോട് കോടതി ആവശ്യപ്പെട്ടു.
പാഴ്സി വിശ്വാസിയായ ഗൂല്‍രോഖ് എം ഗുപ്ത സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി വിധി. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങാണ് ഗൂര്‍രോഖിനു വേണ്ടി ഹാജരായത്. ഹിന്ദു വിശ്വാസിയെ ഗൂല്‍രോഖ് വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ക്ക് പാഴ്സി ആരാധനാ കേന്ദ്രത്തില്‍ പ്രവേശനം നിഷേധിച്ചത്. ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപചിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.