കൽപറ്റ മണ്ഡലം: എൻ.ഡി.എ പ്രകടന പത്രിക പുറത്തിറക്കി, ചുരം ബദൽ പാത യാഥാർഥ്യമാക്കുമെന്ന്

കൽപറ്റ-നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ.ഡി.എ നിയോജക മണ്ഡലം കമ്മിറ്റി പ്രകടന പത്രിക പുറത്തിറക്കി. വയനാട് ഗവ.മെഡിക്കൽ കോളേജും പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ പാതയും യാഥാർഥ്യമാക്കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. കൃഷിഭവനുകളിലൂടെയും ഫാർമേഴ്‌സ് പ്രൊക്യൂർമെന്റ് ഓർഗനൈസേഷനിലൂടെയും മെച്ചപ്പെട്ട വിലയിൽ കാർഷിക ഉൽപന്നങ്ങളുടെ സംഭരണം, ആധുനിക യന്ത്രങ്ങളുടെ ഉപയോഗത്തിൽ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പരിശീലനം, കേന്ദ്രാവിഷ്‌കൃത ജലജീവൻ മിഷനിലൂടെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം, പട്ടികവർഗക്കാർ ശേഖരിക്കുന്ന ചെറുകിട വന വിഭവങ്ങൾക്കു ഉയർന്ന വില, കാടും നാടും  ശാസ്ത്രീയമായി വേർതിരിച്ച് വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ശല്യത്തിനു പരിഹാരം, മാലിന്യ സംസ്‌കരണത്തിനു നൂതന പദ്ധതികൾ, തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനു പദ്ധതികൾ, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, കൽപറ്റക്കു ഗുണകരമാകുന്ന വിധത്തിൽ നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ പദ്ധതിയുടെ പുനഃസംവിധാനം, ചെറു വിമാനത്താവളം, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതികൾ എന്നിവയും പത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. എൻ.ഡി.എക്കു അനുകൂലമാണ് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യമെന്നു പത്രിക പ്രകാശനച്ചടങ്ങിൽ സ്ഥാനാർഥി ടി.എം.സുബീഷ്, തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായ പി.ജി.ആനന്ദ് കുമാർ, കെ.എം. പൊന്നു, എം.മോഹനൻ എന്നിവർ പറഞ്ഞു. വയനാടിന്റെ വികസന സ്വപ്‌നങ്ങളിൽ പലതും യാഥാർഥ്യമാക്കാൻ കേരളം മാറിമാറി ഭരിച്ച മുന്നണികൾക്കു കഴിഞ്ഞില്ല. 
ചുരം ബദൽപാത നിർമാണത്തിൽ ഇടതു, വലതു സർക്കാരുകൾ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പു ലോഞ്ച് ചെയ്ത  തുരങ്കപ്പാത പദ്ധതി തട്ടിപ്പാണ്. ഗവ.മെഡിക്കൽ കോളേജിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചു. ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹാരത്തിനു പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയില്ല. സർക്കാർ പ്രഖ്യാപിച്ച  താങ്ങുവില ഉൽപന്നങ്ങൾക്കു ലഭിക്കുന്നില്ല. തോട്ടം തൊഴിലാളികളുടെ പാർപ്പിട പ്രശ്‌നം അതേപടി തുടരുകയാണ്. വന്യജീവി ശല്യത്തിന്റെ രൂക്ഷത മൂലം കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ്. എന്നിട്ടും വന്യജീവി പ്രതിരോധത്തിനു ഫലപ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നില്ല.
 

Latest News