ആലപ്പുഴ-ഇത്തവണ ആലപ്പുഴ ജില്ലയിൽ വനിതകൾ നേർക്കുനേർ ഏറ്റുമുട്ടുന്ന രണ്ട് മണ്ഡലങ്ങളുണ്ട്. ഒന്ന് അരൂരാണ്. മറ്റൊന്ന് കായംകുളവും. രണ്ടിടത്തും സിറ്റിംഗ് എം.എൽ.എമാരാണ് ഒരു വശത്ത്. ഇതിൽ കായംകുളത്തെ പോരാട്ടത്തിൽ ഇക്കുറി തീപ്പാറും.
യുവ വനിതകളുടെ പോരിൽ കായംകുളം വേനൽചൂടിനെ പിന്നിലാക്കുമെന്നാണ് സാഹചര്യങ്ങൾ ബോധിപ്പിക്കുന്നത്. സിറ്റിംഗ് എം.എൽ.എയും സി.പി.എമ്മിലെ യുവ നേതാവുമായ അഡ്വ. യു. പ്രതിഭയെ നേരിടുന്നത് കോൺഗ്രസ് വളരെ അഭിമാനത്തോടെ അവതരിപ്പിച്ചിരിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തക അരിതാ ബാബുവാണ്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതു മുതൽ അരിത മാധ്യമങ്ങളിലടക്കം ചർച്ചയാണ്. ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി മുന്നേറുന്നതിനൊപ്പം സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവെന്ന നിലയിൽ അരിത ഇന്നാട്ടുകാർക്ക് കണ്ണിലുണ്ണിയാണ്. കനൽ വഴികളിലൂടെയും സമര മുഖങ്ങളിലൂടെയും ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ച് അതിജീവനത്തിന്റെ കരുത്തുമായാണ് അരിത പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. കായംകുളത്ത് കോൺഗ്രസിൽ സീറ്റ് മോഹികളേറെയുണ്ടായിരുന്നെങ്കിലും അരിതയുടെ പേര് പ്രഖ്യാപിച്ചതോടെ മറ്റെല്ലാവരും പത്തിമടക്കി. അത്രക്ക് ഇഷ്ടമാണ് അരിതയോട് ഇന്നാട്ടുകാർക്ക്.
എന്നാൽ ഈ ഇല്ലായ്മയുടെ കഥകളൊന്നും ഇടതുമുന്നണി സ്ഥാനാർഥി പ്രതിഭയുടെ പ്രതിഭക്ക് ഒട്ടും മങ്ങലേൽപിക്കില്ലെന്നാണ് ഇടതു പ്രവർത്തകരുടെ വിശ്വാസം. പാർട്ടിക്കുള്ളിൽ നിന്നു തന്നെ ചില്ലറ എതിർപ്പൊക്കെ ഇടക്കാലത്ത് ഉയർന്നെങ്കിലും അതിനൊന്നും ചെവികൊടുക്കാതെ മണ്ഡലത്തെ പരിപൂർണമായി വികസിപ്പിച്ചെടുക്കുന്നതിൽ പ്രതിഭ ശ്രദ്ധ െവച്ചുവന്നു. സി.കെ. സദാശിവനിൽ നിന്ന് കഴിഞ്ഞ തവണ സീറ്റ് വാങ്ങി പ്രതിഭയെ ഏൽപിച്ച പാർട്ടിയെ പൂർണമായി തൃപ്തിപ്പെടുത്തുന്നതായിരുന്നു പ്രതിഭയുടെ അഞ്ചു വർഷത്തെ പ്രകടനം.

ഡിവൈഎഫ്‌ഐ ലോക്കൽ നേതാക്കളുമായി ചില്ലറ അസ്വാരസ്യങ്ങളൊക്കെ ഉയർന്നെങ്കിലും ജില്ലാ-സംസ്ഥാന പാർട്ടി നേതൃത്വം പ്രതിഭക്ക് പൂർണ പിന്തുണ നൽകി. ആലപ്പുഴ ജില്ലയിൽ സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാരിൽ മൽസര രംഗത്തുള്ള രണ്ടുപേരിൽ ഒരാളാണ് പ്രതിഭ. തുടർഭരണം പ്രതീക്ഷിക്കുന്ന പാർട്ടിക്കും മുന്നണിക്കും സീറ്റ് നിലനിർത്തേണ്ടത് അനിവാര്യമാണ്. കായംകുളം താലൂക്ക് രൂപീകരണം സാധ്യമായില്ലെന്നതൊഴിച്ചാൽ മണ്ഡലത്തിലേക്ക് പരമാവധി വികസനം എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കുട്ടനാട്ടിലെ തകഴിയിൽ പള്ളിനാൽപട വീട്ടിൽ പുരുഷോത്തമന്റെയും ഉമയമ്മയുടെയും മകളാണ് പ്രതിഭ. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം എടത്വ സെന്റ് അലോഷ്യസ് കോളേജിൽ നിന്ന് ബിരുദവും കൊച്ചിൻ യൂനിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് നിയമ ബിരുദവും നേടി. നിയമ വിദ്യാർഥിയായിരിക്കേ തകഴി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചു. രണ്ടാം തവണയും വിജയിച്ചപ്പോൾ തകഴിയിലെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് വെളിയനാട് ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. അവിടെ നിന്നാണ് കഴിഞ്ഞ തവണ പ്രതിഭക്ക് കായംകുളം സീറ്റ് നൽകിയത്. സിപിഎം പ്രാദേശിക കമ്മിറ്റികളിലെ പ്രാതിനിധ്യത്തിനു പുറമെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. നേരത്തെ അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്നു.
പശുവിനെ വളർത്തി പാൽ വിതരണത്തിലൂടെ അതിജീവനത്തിന്റെ മാതൃകയായി മാറിയ അരിത ഇത്തവണ തെരഞ്ഞെടുപ്പു ഗോദയിലെ പ്രധാന ചർച്ചയാണ്. കായംകുളത്ത് മാത്രമല്ല, മലയാളികളെല്ലാം അരിതയെന്ന ബേബി സ്ഥാനാർഥിയെക്കുറിച്ച് ചർച്ച ചെയ്യുന്നു. തെരഞ്ഞെടുപ്പിന്റെ ചൂടേറിയിട്ടും അരിതക്ക് തന്റെ പശുക്കളെയും അതിൽ നിന്ന് കിട്ടുന്ന പാൽ കാത്തിരിക്കുന്ന സമീപ വാസികളെയും ഒഴിവാക്കാനാകില്ല. സ്ഥാനാർഥിയാകുന്നതിനു മുമ്പ് നാലര-അഞ്ച് മണിക്കാണ് അരിത ഉണർന്ന് നിത്യജോലികളിൽ ഏർപ്പെടുന്നതെങ്കിൽ ഇപ്പോൾ 3.30 ആകുമ്പോൾ തന്നെ സജീവമാകും. പശുവിനെ കുളിപ്പിക്കലും മറ്റും പൂർത്തിയാക്കി പാലും കൊടുത്തുവിട്ടു കഴിയുമ്പോഴേക്കും സഹപ്രവർത്തകർ വീട്ടിലെത്തിയിരിക്കും. അവരുമായി വീടുവീടാന്തരം കയറിയിറങ്ങി വോട്ട് തേടും. അരിതയോടുള്ള താൽപര്യം കൊണ്ട് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമെല്ലാം തെരഞ്ഞെടുപ്പ് കൺവെൻഷന് എത്തിയിരുന്നു. എങ്ങനെയും അരിതയെ നിയമസഭയിലെത്തിക്കണമെന്നും തച്ചടി പ്രഭകരനെ പോലുള്ള പ്രഗത്ഭർ നയിച്ച കായംകുളം മണ്ഡലം തിരിച്ചുപിടിക്കണമെന്നുമാണ് കോൺഗ്രസിന്റെ ലക്ഷ്യം.
കായംകുളം പുതുപ്പള്ളി വടക്ക് കൊച്ചുമുറി അജേഷ് നിവാസിൽ കോൺഗ്രസ് പ്രവർത്തകനായ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് 26 കാരിയായ അരിത. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ അരിത നിരവധി വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങളിൽ മുന്നിട്ടിറങ്ങി.
പൗരത്വ ഭേദഗതി ബില്ലിനെതിരേ സമരം അലയടിച്ചപ്പോൾ കായംകുളം, ആലപ്പുഴ പ്രദേശങ്ങളിൽ സമരത്തിന് നേതൃപരമായ പങ്ക് വഹിക്കുകയും അരിതയുടെ സാന്നിധ്യം ശ്രദ്ധേയമാവുകയും ചെയ്തു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കേരള സർവകലാശാലയിൽ നിന്ന് ബി.കോം ബിരുദം നേടി. കഴിവുറ്റ സംഘാടകയും മികച്ച പ്രസംഗകയും സ്ത്രീ ശാക്തീകരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഉജ്വല മാതൃകയുമാണ് അരിത. ഇരുപത്തൊന്നാമത്തെ വയസ്സിൽ കൃഷ്ണപുരം ഡിവിഷനിൽ നിന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായിരുന്നു അരിത.






