ഭർത്താവുമായി വേർപിരിഞ്ഞുവെന്നു അപവാദ പ്രചാരണം: നിയമ നടപടി സ്വീകരിക്കുമെന്നു പി.കെ. ജയലക്ഷ്മി

മാനന്തവാടി-ഭർത്താവുമായി വേർപരിഞ്ഞുവെന്നു സമൂഹ മാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ.ജയലക്ഷ്മി. ഭർത്താവ് അനിൽ കുമാറിനൊപ്പം വാർത്താസമ്മേളനത്തിലാണ് വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്നു അവർ വ്യക്തമാക്കിയത്. 
തെരഞ്ഞെടുപ്പു രംഗത്തുള്ള ചിലർ പരാജയ ഭീതി മൂലമാണ് അപവാദം പ്രചരിപ്പിക്കുന്നത്. പട്ടികവർഗ സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് നവമാധ്യമങ്ങളിലൂടെ കടന്നാക്രമണം. ഇതിനെതിരെ സമൂഹം പ്രതികരിക്കണം. ഒരു സ്ത്രീക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുത്. 
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തൊണ്ടാർ  ജലസേചന പദ്ധതി നടപ്പാക്കില്ലെന്നു ജയലക്ഷ്മി പറഞ്ഞു.  ബഫർ സോൺ വിഷയത്തിൽ സിറ്റിംഗ് എം.എൽ.എ മൗനത്തിലാണ്. നിയോജക മണ്ഡലത്തിൽ കരടു വിജ്ഞാപന പ്രകാരം കൂടുതൽ പരിസ്ഥിതി ലോലമേഖലയുള്ളത് എം.എൽ.എയുടെ പഞ്ചായത്തിലാണ്. യു.ഡി.എഫ് ഭരണത്തിലെത്തിയാൽ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമേഖലയിൽനിന്നു നീക്കുന്നതിനു  ശക്തമായി ഇടപെടും. സൗകര്യങ്ങൾ ഒരുക്കാതെ  ജില്ലാ ആശുപത്രിയെ താത്കാലികമായി  മെഡിക്കൽ കോളേജായി ഉയർത്തിയതിനെ  എതിർക്കുന്നില്ലെന്നും ജയലക്ഷ്മി പറഞ്ഞു. 
രാഷ്ട്രീയ നേട്ടം മുൻനിർത്തിയാണ് തന്നിൽ ചിലർ ആർ.എസ്.എസ് ബന്ധം ആരോപിക്കുന്നതെന്നു ജയലക്ഷ്മിയുടെ ഭർത്താവ് അനിൽ കുമാർ പറഞ്ഞു. വർഷങ്ങളോളം ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാത്ത താൻ നിലവിൽ കോൺഗ്രസുകാരനാണ്. ഭാര്യയും നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ ജയലക്ഷ്മിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരികയാണ്. ജയലക്ഷ്മി  തവിഞ്ഞാൽ പഞ്ചായത്ത് മെംബറായിരുന്നപ്പോഴാണ് വിവാഹ നിശ്ചയം നടന്നത്.  അവർ മന്ത്രിയായിരുന്നപ്പോഴായിരുന്നു വിവാഹം. ആർ.എസ്.എസ് ബന്ധം ഉണ്ടായിരുന്നയാളാണ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം നേതാവുമായ ഒ.ആർ.കേളു.  രാഷ്ട്രീയ സംസ്‌കാരം ഉള്ളതുകൊണ്ടാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും അക്കാര്യം പാടിനടക്കാത്തത്. വ്യക്തിഹത്യ നടത്താതെ തെരഞ്ഞടുപ്പിനെ രാഷ്ട്രീയമായി നേരിടാൻ എതിരാളികൾ തയാറാകണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നിരീക്ഷകൻ യു.ടി.ഖാദർ, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സി.അബ്ദുൽ അഷറഫ്, പി.കെ.അസ്മത്ത്, എ.പ്രഭാകരൻ, വി.വി.നാരായണ വാര്യർ എന്നിവർ കൂടെ ഉണ്ടായിരുന്നു.
 

Latest News