വോട്ടർപട്ടിക ക്രമക്കേട് തിരുവനന്തപുരത്തും വ്യാപകമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം- വോട്ടർപട്ടികയിലുള്ള വ്യാപക ക്രമക്കേട് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും കണ്ടെത്തിയതായി കോൺഗ്രസ് സ്ഥാനാർത്ഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ആയിരക്കണക്കിന് വ്യാജവോട്ടുകളാണ് പട്ടികയിലുള്ളതെന്ന് സ്ഥാനാർത്ഥികളായ വി.എസ് ശിവകുമാറും വീണ എസ്.നായരും ഡോ. എസ്.എസ് ലാലും പറഞ്ഞു. വട്ടിയൂർക്കാവ് 8400, തിരുവനന്തപുരം 7600, നേമം 6360, കഴക്കൂട്ടത്ത് 15000  വ്യാജവോട്ടുകൾ കണ്ടെത്തി. ഒരേ ഫോട്ടോ ഉപയോഗിച്ച് മൂന്നു മണ്ഡലങ്ങളിൽ വോട്ട് ചേർത്തിരിക്കുകയാണ്. ഒരേ വോട്ടർ ഐഡിയിൽ ഒന്നിൽകൂടുതൽ വോട്ട് ഒരേ പേരിലും വിലാസത്തിലും ഒരേ ഫോട്ടോയിലും ഒന്നിൽകൂടുതൽ വോട്ടർ ഐഡിന്റിറ്റി കാർഡുകൾ കണ്ടെത്തി.
വോട്ടർ ലിസ്റ്റിൽ ഓരേ വോട്ടർമാരുടെ പേരും ഫോട്ടോയും പലതവണ അതു പോലെ ആവർത്തിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥികൾ പറഞ്ഞു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ഇത് തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പേരിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്മീഷൻ ഇത്തരം വോട്ടുകൾ ഒഴിവാക്കി പുതിയ പട്ടിക തയ്യാറാക്കണമെന്നും സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടു. 
ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നതെന്ന് ഡോ. എസ്.എസ് ലാൽ ആരോപിച്ചു. സി.പി.എമ്മിന്റെ വിജയത്തിന്റെ അടിസ്ഥാനം കള്ളവോട്ടുകളാണ്. ബി.ജെ.പി പാലിക്കുന്ന മൗനം മനസിലാകുന്നില്ല. ഈ വിഷയത്തിൽ ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും നിലപാട് എന്താണെന്ന് അറിയാൻ താൽപര്യമുണ്ടെന്ന് ഡോ. എസ്.എസ് ലാൽ പറഞ്ഞു.


 

Latest News