കൊഴിഞ്ഞുപോക്ക് തുടരുന്നു; തൃശൂർ ഡി.സി.സി ജന. സെക്രട്ടറി സി.പി.ഐയിൽ

തൃശൂർ- ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.കെ ജോൺ കോൺഗ്രസ് വിട്ടു. സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ജോൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി തീരുമാനമെന്ന് ജോൺ പറഞ്ഞു. 
ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് പ്രവർത്തകർക്ക് ലഭിക്കേണ്ട അംഗീകാരമോ പ്രവർത്തന സ്വാതന്ത്ര്യമോ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി തീരുമാനമെന്നും ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിനു വേണ്ടിയോ സംഘടനയിൽ പദവികൾക്ക് വേണ്ടിയോ ഇതുവരെ നേതാക്കളുടെ മുമ്പിൽ ഒരു ആവശ്യവും ഉന്നയിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ല. 
പാർട്ടി പ്രവർത്തകർക്ക് ലഭിക്കേണ്ട അർഹമായ അംഗീകാരം നിലവിലുള്ള ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും സ്ഥലം പാർലമെന്റ് അംഗത്തിന്റെ ഭാഗത്തു നിന്നും ലഭിക്കില്ല എന്ന അനുഭവമാണ് ഈ തീരുമാനത്തിന്റെ അടിസ്ഥാനം. അർഹതക്കുള്ള അംഗീകാരം പോലും നൽകാതെ തികച്ചും വിവേചനപരമായ തീരുമാനമാണ് ഈ നേതാക്കൾ സ്വീകരിക്കുന്നത്. കോൺഗ്രസ് പോലുള്ള ഒരു ജനാധിപത്യ പാർട്ടിയുടെ അടിഞ്ഞറ തകർക്കുന്ന സമീപനമാണ് നേതൃത്വം കൈക്കൊള്ളുന്നത്. 
ഇത് മൂലം ജില്ലയിൽ ഉടനീളം കോൺഗ്രസ് പ്രവർത്തകരിൽ കടുത്ത അസംതൃപ്തിയും പ്രതിഷേധവും പടരുകയാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് വിട്ട് സി.പി.ഐയിൽ പ്രവർത്തിക്കാനുള്ള തീരുമാനമെന്നും ജോൺ വിശദീകരിച്ചു. കേരളവർമ്മ കോളേജിൽ 1986 കാലഘട്ടത്തിൽ കെ.എസ്.യു (എസ്) പ്രവർത്തകനായിട്ടാണ് പി.കെ.ജോൺ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് കെ.എസ്.യു (എസ്) സംസ്ഥാന പ്രസിഡന്റുമായി. 
കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാവും എ.ഐ.സി.സി അംഗവുമായ സി.ഐ സെബാസ്റ്റ്യൻ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നിരുന്നു.
 

Latest News