കളമശ്ശേരി- ലീഗിലെ വിമതർ ഇപ്പോഴും പ്രചാരണ രംഗത്തു നിന്ന് വിട്ടുനിൽക്കുന്നുവെന്നത് യു.ഡി.എഫിന് വെല്ലുവിളിയാണ്. ലീഗിലെ എത്രത്തോളം വോട്ടുകൾ നിർജീവമാക്കാൻ അവർക്ക് കഴിയുമെന്നത് ഈ തെരഞ്ഞെടുപ്പിലെ ഒരു ഘടകം തന്നെയാണ്. സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള പൊട്ടിത്തെറി ലീഗിൽ മാത്രം ഒതുങ്ങി നിന്നില്ല. ഇബ്രാഹിംകുഞ്ഞിന്റെ മകൻ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിലും പ്രതിഷേധമുയർന്നു. ഐ.എൻ.ടി.യു.സിയുടെ കേരളത്തിലെ സ്ഥാപകനേതാവ് വി.പി മരയ്ക്കാരുടെ മകനും ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.ഷെരീഫ് മരയ്ക്കാർ കോൺഗ്രസിൽനിന്നു രാജിവെക്കുകയുമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ രംഗത്തുവന്ന കോൺഗ്രസിലെ ഒരു വിഭാഗം ഇടഞ്ഞു തന്നെയാണ്.






