കളമശ്ശേരി- പാലാരിവട്ടം പാലമാണ് ഈ തെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ പ്രധാന പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. അഴിമതിയുടെ പഞ്ചവടിപ്പാലമായി പാലാരിവട്ടം പാലത്തെ കേരളമാകെ പ്രതീകവൽക്കരിക്കുന്നതിൽ ഇടതുപക്ഷം വിജയിച്ചിരുന്നു. എന്നാൽ ഈ പ്രശ്‌നത്തിൽ നിന്ന് ഒഴിഞ്ഞുമാറാതെയും ഒളിച്ചോടാതെയും നേർക്കുനേർ നേരിടാനാണ് ഇബ്രാഹിംകുഞ്ഞ് തീരുമാനിച്ചത്. തന്നെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുടുക്കിയത് പി.രാജീവാണെന്നും കളമശ്ശേരിയിൽ മത്സരിക്കുക എന്ന അജണ്ടയോടെ രാജീവും കൂട്ടരും ആസൂത്രിതമായി കെട്ടിപ്പൊക്കി കൊണ്ടുവന്നതാണ് തനിക്കെതിരായ കേസെന്നും ഇബ്രാഹിംകുഞ്ഞ് ആരോപിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ചുനൽകാൻ ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതിന്റെ പ്രതികാരമാണിതെന്നും അദ്ദേഹം പറഞ്ഞുവെച്ചു. പ്രചാരണ രംഗത്ത് ലീഗ് ഇത് ഏറ്റെടുത്തു കഴിഞ്ഞു. ചെയ്യാത്ത അഴിമതിയുടെ പേരിൽ ക്രൂശിക്കപ്പെട്ട നേതാവ് എന്ന പ്രതിഛായ ഇബ്രാഹിംകുഞ്ഞിന് നൽകാനാണ് അവരുടെ ശ്രമം. ഒപ്പം മണ്ഡലത്തിൽ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും അവരുടെ പ്രധാന പ്രചാരണ വിഷമയാണ്.
എന്നാൽ പി.രാജീവ് ഇത്തരം ആരോപണങ്ങളെയും വാദഗതികളെയും പുഛിച്ചു തള്ളുകയാണ്. പരാജയഭീതി മൂലം എന്തു നുണയും പറയാവുന്ന മാനസിക നിലയിലേക്ക് ഇബ്രാഹിംകുഞ്ഞ് മാറിയെന്നാണ് രാജീവ് ഇതിനോട് പ്രതികരിച്ചത്. പാലാരിവട്ടം പാലം നിർമാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നുവെന്നത് യാഥാർഥ്യമാണ്. ഇബ്രാഹിംകുഞ്ഞിന് കിട്ടിയ കോഴപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇ.ഡി വരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാലാരിവട്ടം പാലം സ്വാഭാവികമായും ഇവിടെ തെരഞ്ഞെടുപ്പു വിഷയമാകും. എന്നാൽ എൽ.ഡി.എഫ് ഊന്നൽ നൽകുന്നത് ഇടതു സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങളിലാണെന്ന് രാജീവ് വ്യക്തമാക്കി.






