തീപ്പൊരി ചിതറുന്നു, കളമശ്ശേരിയിൽ

കളമശ്ശേരി- തീപ്പൊരി ചിതറുന്ന പോരാട്ടമാണ് കളമശ്ശേരിയിൽ അരങ്ങേറുന്നത്. പ്രീപോൾ സർവേ ഫലങ്ങൾ കൂടി വന്നതോടെ പോരാട്ടം ഒന്നുകൂടി കനത്തു. തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴൊക്കെ പരാജയപ്പെട്ട നേതാവ് എന്ന ചീത്തപ്പേര് മായ്ച്ചു കളയാനുള്ള അവസരമാണ് ഇക്കുറി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശാഭിമാനി പത്രാധിപരും മുൻ രാജ്യസഭാംഗവുമായ പി.രാജീവിന് ലഭിച്ചിരിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഹൈബി ഈഡനോട് പി.രാജീവ് പരാജയപ്പെട്ടത് ഒന്നരലക്ഷം വോട്ടിനായിരുന്നു. അന്നത്തെ തെറ്റ് തിരുത്താനുള്ള അവസരമായാണ് വോട്ടർമാർ നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് രാജീവ് പറയുന്നത്. 
കളമശ്ശേരിയിൽ സിറ്റിംഗ് എം.എൽ.എ വി.കെ ഇബ്രാഹിംകുഞ്ഞ് തന്നെ സ്ഥാനാർഥിയാകുമെന്നാണ് മുസ്‌ലിം ലീഗിൽ പൊതുവിലുണ്ടായിരുന്ന പ്രതീക്ഷ. പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയാണെങ്കിൽ പോലും കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിനുള്ള സ്വാധീനം മറ്റൊരു ലീഗ് നേതാവിനുമില്ലെന്നത് പച്ചപ്പരമാർഥമാണ്. വി.കെ ഇബ്രാഹിംകുഞ്ഞും പി.രാജീവും തമ്മിൽ മത്സരിച്ചാൽ കേരളമാകെ ഉറ്റുനോക്കുന്ന മത്സരമായി അത് മാറുകയും ചെയ്യുമായിരുന്നു. എന്നാൽ മകൻ വി.ഇ അബ്ദുൽ ഗഫൂറിനെ മത്സര രംഗത്തിറക്കി പിന്നിൽ നിന്ന് കളിച്ച് കിംഗ് മേക്കറാകാനാണ് ഇബ്രാഹിംകുഞ്ഞ് ഇപ്പോൾ അടവു പതിനെട്ടും പയറ്റുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ താൻ നേടിയ 12,000 ൽപരം വോട്ടിന്റെ ഭൂരിപക്ഷം കുറയാതെ നോക്കുക എന്ന ഭാരിച്ച ചുമതലയാണ് ഇബ്രാഹിംകുഞ്ഞിനുള്ളത്.  
കളമശ്ശേരിയിൽ ആർക്കാണ് മുൻതൂക്കം എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം പല ഘട്ടങ്ങളിൽ പല ഉത്തരങ്ങളാണ് ലഭിക്കുന്നത്. തുടക്കത്തിൽ തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പി.രാജീവ് പ്രചാരണവുമായി നല്ല മുന്നേറ്റം നടത്തിയിരുന്നു. ലീഗിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളും ലീഗിലെ ഒരു വിഭാഗം ഉയർത്തിയ കലാപ ഭീഷണിയും കളമശ്ശേരി ഇക്കുറി ലീഗിന് നഷ്ടപ്പെടുമെന്ന തോന്നലിന് ആക്കം കൂട്ടി. ഇബ്രാഹിംകുഞ്ഞിന് പകരം അബ്ദുൽ ഗഫൂർ സ്ഥാനാർഥിയായി വന്നപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞു. എന്നാൽ പ്രചാരണ രംഗത്ത് ഗഫൂർ മികച്ച മുന്നേറ്റമാണ് തുടർന്നങ്ങോട്ട് കാഴ്ചവെച്ചത്. 


ലീഗ് ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പാർട്ടി അണികളുമായി നിരന്തര ബന്ധമുണ്ടായിരുന്നുവെങ്കിലും പൊതുസമൂഹത്തിന് മുന്നിൽ ഗഫൂർ പുതുമുഖമായിരുന്നു. എന്നാൽ ഈ അപരിചിതത്വം ഏതാനും ആഴ്ചകൾ കൊണ്ടു തന്നെ ഗഫൂർ മാറ്റിയെടുത്തു. പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞ് ഇബ്രാഹിംകുഞ്ഞ് അണിയറക്കളികളിൽ കേന്ദ്രീകരിച്ചു. ഇതോടെ ലീഗ് ആത്മവിശ്വാസത്തിലായി. പാലാരിവട്ടം പാലമാണ് ഈ തെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ പ്രധാന പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. എന്നാൽ ഈ പ്രശ്‌നത്തിൽ നിന്ന് ഒഴിഞ്ഞുമാറാതെയും ഒളിച്ചോടാതെയും നേർക്കുനേർ നേരിടാനാണ് ഇബ്രാഹിംകുഞ്ഞ് തീരുമാനിച്ചത്. തന്നെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുടുക്കിയത് പി.രാജീവാണെന്നും കളമശ്ശേരിയിൽ മത്സരിക്കുക എന്ന അജണ്ടയോടെ രാജീവും കൂട്ടരും ആസൂത്രിതമായി കെട്ടിപ്പൊക്കി കൊണ്ടുവന്നതാണ് തനിക്കെതിരായ കേസെന്നും ഇബ്രാഹിംകുഞ്ഞ് ആരോപിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ചുനൽകാൻ ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതിന്റെ പ്രതികാരമാണിതെന്നും അദ്ദേഹം പറഞ്ഞുവെച്ചു. പ്രചാരണ രംഗത്ത് ലീഗ് ഇത് ഏറ്റെടുത്തു കഴിഞ്ഞു. ചെയ്യാത്ത അഴിമതിയുടെ പേരിൽ ക്രൂശിക്കപ്പെട്ട നേതാവ് എന്ന പ്രതിഛായ ഇബ്രാഹിംകുഞ്ഞിന് നൽകാനാണ് അവരുടെ ശ്രമം. ഒപ്പം മണ്ഡലത്തിൽ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും അവരുടെ പ്രധാന പ്രചാരണ വിഷമയാണ്. എന്നാൽ പി.രാജീവ് ഇത്തരം ആരോപണങ്ങളെയും വാദഗതികളെയും പുഛിച്ചു തള്ളുകയാണ്. പരാജയഭീതി മൂലം എന്തു നുണയും പറയാവുന്ന മാനസിക നിലയിലേക്ക് ഇബ്രാഹിംകുഞ്ഞ് മാറിയെന്നാണ് രാജീവ് ഇതിനോട് പ്രതികരിച്ചത്. പാലാരിവട്ടം പാലം നിർമാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നുവെന്നത് യാഥാർഥ്യമാണ്. ഇബ്രാഹിംകുഞ്ഞിന് കിട്ടിയ കോഴപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇ.ഡി വരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാലാരിവട്ടം പാലം സ്വാഭാവികമായും ഇവിടെ തെരഞ്ഞെടുപ്പു വിഷയമാകും. എന്നാൽ എൽ.ഡി.എഫ് ഊന്നൽ നൽകുന്നത് ഇടതു സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങളിലാണെന്ന് രാജീവ് വ്യക്തമാക്കി. 
ഇടതു ക്യാമ്പിലുമുണ്ട് ഉൾപ്പിരിവുകൾ. പി.രാജീവിന്റെ വലംകൈയായ സക്കീർ ഹുസൈനെതിരായ ആരോപണങ്ങൾ ഇടതിനെ ഒരളവോളം പ്രതിസന്ധിയിലാക്കുന്നുണ്ട്.
പി.രാജീവിനെയും സക്കീർഹുസൈനെയും ബന്ധപ്പെടുത്തി മണ്ഡലത്തിൽ ഇടക്കിടെ പോസ്റ്ററുകൾ ഉയരുന്നുണ്ട്. പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറിയും ശക്തമായി ഉയർത്തിക്കൊണ്ടു വരികയാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. കളമശ്ശേരിയിൽ സ്ഥാനാർഥിത്വത്തിനായി ആദ്യം പരിഗണിച്ച കെ.ചന്ദ്രൻപിള്ളയുടെ നേതൃത്വത്തിലുള്ള സി.ഐ.ടി.യുവിലെ പ്രബല വിഭാഗം സ്വീകരിക്കുന്ന നിലപാടും വോട്ടിംഗിൽ സ്വാധീനിച്ചേക്കാം.എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനാണ് കളമ്േശ്ശരി സീറ്റ് നൽകിയിരിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി പ്രവർത്തകർ പരസ്യമായി പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ബി.ജെ.പി തന്നെ സീറ്റ് ഏറ്റെടുത്ത് മൽസരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ മുന്നണി ധാരണപ്രകാരം സീറ്റ് ബി.ഡി.ജെ.എസിന് തന്നെ നൽകുകയായിരുന്നു. പി.എസ് ജയരാജാണ് എൻ.ഡി.എയ്ക്കു വേണ്ടി മൽസരിക്കുന്നത്.  പ്രചാരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ കേരളത്തിലെ തീപ്പാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി കളമശ്ശേരി മാറിക്കഴിഞ്ഞു. പ്രീപോൾ സർവേ ഫലങ്ങൾ കൂടി വന്നതോടെ പോരാട്ടം കനക്കുകയാണ് കളമശ്ശേരിയിൽ.

Latest News