പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ

നെടുമ്പാശേരി- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചയാളെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മേലില ചേരവിള തെക്കേതിൽ പുത്തൻ വിട്ടിൽ ജസ്റ്റിൻ ജോസ് (24)ആണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പാണ് ഇൻസ്റ്റാഗ്രാം വഴി ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് നാട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനായ പ്രതി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതി വീട്ടുകാർ അറിയാതെ സ്വന്തം വീടിനകത്ത് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് വീട്ടുകാർ പോലും മുറിയിൽ പെൺകുട്ടിയുണ്ടെന്നറിഞ്ഞത്. ഇവിടെ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇൻസ്‌പെക്ടർ സജിൻ ലൂയിസ്, സബ് ഇൻസ്‌പെക്ടർമാരായ കെ.എം. സന്തോഷ്, പി.ബി. ഷാജി, എ.എസ്.ഐമാരായ കെ.യു ഷൈൻ, എ.ബി.സിനുമോൻ, സി.പി.ഒ കെ.ജി. ഷീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
 

Latest News