മക്ക - മക്കയിലും മദീനയിലും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹജ്, ഉംറ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും റമദാന്‍ ഒന്നു മുതല്‍ കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട മന്ത്രാലയവും ഹജ്, ഉംറ മന്ത്രാലയവും തീരുമാനിച്ചു. മക്കയിലും മദീനയിലും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ഹജ്, ഉംറ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും രണ്ടു ചോയ്‌സുകളാണുള്ളത്. റമദാന്‍ ഒന്നിനു മുമ്പായി ജീവനക്കാര്‍ കൊറോണ വാക്‌സിന്‍ സ്വീകരിക്കലാണ് ഇതില്‍ ഒന്ന്. വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് പ്രതിവാരം പി.സി.ആര്‍ പരിശോധന നടത്തി കൊറോണ നെഗറ്റീവ് റിപ്പോര്‍ട്ട് നേടണം. പരിശോധനാ ചെലവ് സ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കാനും കൊറോണ വ്യാപനം തടയാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ സാധിക്കുമെന്നും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട മന്ത്രാലയവും ഹജ്, ഉംറ മന്ത്രാലയവും പറഞ്ഞു.
റെസ്റ്റോറന്റുകള്‍-കോഫി ഷോപ്പുകള്‍-ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പൊതുഗതാഗത സംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്‌പോര്‍ട്‌സ് സെന്ററുകളിലെയും ജിംനേഷ്യങ്ങളിലെയും ഹോട്ടലുകളിലെയും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളിലെയും ജീവനക്കാര്‍ക്കും മെയ് 13 മുതല്‍ കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും തീരുമാനിച്ചിട്ടുണ്ട്. റിയാദില്‍ ആകെ 40,329 സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതായി റിയാദ് നഗരസഭ പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന 29,210 സ്ഥാപനങ്ങളും 9,548 ജെന്റ്‌സ് ബാര്‍ബര്‍ ഷോപ്പുകളും 1,571 ലേഡീസ് ബ്യൂട്ടി പാര്‍ലറുകളുമാണ് റിയാദില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മെയ് 13 മുതല്‍ വാക്‌സിന്‍ എടുക്കല്‍ നിര്‍ബന്ധമാണ്.






