നേമത്ത് മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞില്ല, പറഞ്ഞെങ്കില്‍ മത്സരിക്കുമായിരുന്നു- ശശി തരൂര്‍

തിരുവനന്തപുരം- നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചെയ്യുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍. നേമം നിയമസഭ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ നോ പറയില്ലായിരുന്നു-
അദ്ദേഹം പറഞ്ഞു.

നേമത്ത് മത്സരിക്കണമെന്ന് ഒരു ഘട്ടത്തിലും പാര്‍ട്ടി നേതൃത്വം എന്നോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയായി എന്നത് ശരിയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ഇതിനായി എന്നോട് ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ ഇങ്ങനെയൊരാഗ്രഹം പാര്‍ട്ടിയുമായി പങ്കുവെച്ചിട്ടുമില്ല. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ പറ്റില്ല എന്നു പറയുമായിരുന്നില്ല. പാര്‍ട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അങ്ങിനെ ചെയ്യുകയും ചെയ്യും. നിലവില്‍ പാര്‍ട്ടി എന്നെ ചില ദൗത്യങ്ങള്‍ ഏല്‍പിച്ചിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. ഈ ജോലികള്‍ ഞാന്‍ നിറവേറ്റി കൊണ്ടിരിക്കുകയാണ്.  നിലവില്‍ നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. നേമം കോണ്‍ഗ്രസിനായി തിരിച്ചുപിടിക്കാന്‍ കെല്പുള്ള നേതാവാണ് മുരളീധരന്‍. അദ്ദേഹം അത് കൈവരിക്കുകയും ചെയ്യും.

 

Latest News