Sorry, you need to enable JavaScript to visit this website.

വീണ്ടും സമുദായക്കളികൾ 

വോട്ടുബാങ്കുകൾ മുന്നിൽവെച്ച് വിലപേശൽ നടത്തുന്ന സമീപനം, അത് ഏതു സമുദായത്തിന്റേതായാലും വഴങ്ങില്ലെന്ന സന്ദേശം നൽകാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം. അല്ലെങ്കിൽ കേരളീയർ ഉയർത്തിപ്പിടുക്കുന്ന നവോത്ഥാന ചരിത്രവും വിപ്ലവ ലേബലും പുരോഗമന നാട്യവും വെറും കാപട്യമെന്ന് ഒരിക്കൽ കൂടി തെളിയും.

 

എത്ര തന്നെ പുരോഗമനാത്മകമെന്ന് നടിച്ചാലും മലയാളിയുടെ ചിന്താമണ്ഡലത്തിൽ ജാതി-മത-സമുദായ ചിന്തകൾ രൂഢമൂലമാണെന്നതാണ് വാസ്തവം. അത് പുറംമേനിയുടെ പളപളപ്പിനപ്പുറം പുറത്തേക്ക് വരുന്നത് ഏറെയും തെരഞ്ഞെടുപ്പ് കാലത്തുമാണ്. ഓരോ സമുദായങ്ങളും കണക്കു പറയുന്നതും വിലപേശുന്നതുമായ കാലം. രാഷ്ട്രീയ പാർട്ടികളാകട്ടെ, നേതാക്കളാകട്ടെ, ഓരോ വോട്ടും വിലയേറിയതാണെന്ന് വിശ്വസിക്കുന്നതിനാൽ, സമുദായ സംഘടനകളുടെയും അതിന്റെ തലപ്പത്തിരിക്കുന്നവരുടെയും അപ്രീതി പിടിച്ചുപറ്റേണ്ടന്ന അടവു നയക്കാരുമാണ്. അങ്ങനെ ഒളിഞ്ഞും തെളിഞ്ഞും സ്വീകരിക്കുന്ന പിന്തുണ, തെരഞ്ഞെടുപ്പിൽ പലപ്പോഴും നിർണായകമാവാറുമുണ്ട്. സമുദായങ്ങളെ വോട്ടുബാങ്കാക്കി മാറ്റുകയും അത് മുന്നിൽവെച്ച് വിലപേശുകയും ചെയ്യുന്ന തന്ത്രം കാലങ്ങളായി ഇവിടെ നടക്കുകയും ചെയ്യുന്നു. സമീപകാലത്ത് അതിൽ കൂടുതലായി തെളിയുന്നത് വർഗീയത കൂടി കൂട്ടിച്ചേർക്കപ്പെടുന്നു എന്നതാണ്. തങ്ങൾക്ക് കിട്ടിയതിനെക്കുറിച്ച് മാത്രമല്ല, ഇതര സമുദായങ്ങൾക്ക് കിട്ടിയതിനെക്കുറിച്ച കൊതിക്കെറുവിന് കൂടി രാഷ്ട്രീയ പാർട്ടികൾ പരിഹാരമുണ്ടാക്കേണ്ട അവസ്ഥയാണിപ്പോൾ.


ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം ഇത്തരം സമുദായ വിളയാട്ടങ്ങൾക്ക് ഏറെ സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രിയുടെ കൈയിലിരുന്ന ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് വാങ്ങിക്കൊടുക്കാൻ എൻ.എസ്.എസ് നടത്തിയ കഠിനാധ്വാനം ആരും മറക്കാനിടയില്ല. മന്ത്രിസഭയിലെ നായർ പ്രാതിനിധ്യം അന്ന് വളരെ ചർച്ചയായി. കോൺഗ്രസിന്റെ ഗ്രൂപ്പുപോരിലൂടെ ഉയർന്നുവന്ന ആഭ്യന്തര മന്ത്രി കലഹം ഒടുവിൽ എൻ.എസ്.എസിന്റെ ഇടപെടലിലൂടെയാണ് തീർപ്പായത്. അക്കാലത്ത്, മാധ്യമ ലേഖകരും ചാനൽ ക്യാമറകളും പെരുന്നയിലെ ആസ്ഥാനത്തുനിന്ന് ജി. സുകുമാരൻ നായരിൽനിന്ന് ഉതിരുന്ന തിരുമൊഴികൾക്കായി കാത്തുകെട്ടിക്കിടന്നു. താരപ്രഭാവവുമായി പെരുന്നയുടെ പടി കയറിയ സുരേഷ് ഗോപിക്കു പോലും അവഹേളിതനായി തിരികെയിറങ്ങേണ്ടിവന്നു. 


പിണറായി സർക്കാരിന്റെ വലിയൊരു ഗുണമായി പലരും പറയുന്നത് സമുദായ പ്രീണനത്തിൽനിന്ന് അവർ വലിയൊരളവോളം അകന്നുനിന്നു എന്നതാണ്. ശബരിമല വിവാദത്തിന് ശേഷം ഈ നിലപാടിൽ അൽപമൊക്കെ വെള്ളം ചേർക്കേണ്ടി വന്നുവെങ്കിലും ഒരു പരിധി വരെ അവർക്ക് പിടിച്ചുനിൽക്കാനായി. ഒരേസമയം, ആജൻമശത്രുക്കളായ എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും പിണക്കാതെ കൊണ്ടുപോകാൻ പിണറായിക്ക് സാധിച്ചു. വെള്ളാപ്പള്ളിയെ നവോത്ഥാനത്തിന്റെയൊക്കെ പേരു പറഞ്ഞ് ഉള്ളംകൈയിൽ വെക്കാനും കഴിഞ്ഞു. എങ്കിലും സമുദായ നേതാക്കൾ പറയുമ്പോൾ വിറക്കുകയും കാലിൽ വീഴുകയും ചെയ്യുന്ന രീതി ഇടതുപക്ഷ സർക്കാരിന് ഇല്ലായിരുന്നു. ശരിയായ ഒരു ബാലൻസിംഗ് തന്ത്രത്തിലൂടെ സമുദായ സംഘടനകളെ ഒരു ചാൺ അകലെ നിർത്താൻ അവർക്ക് കഴിഞ്ഞു.


തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പക്ഷേ ചിത്രം മാറുകയാണ്. കോൺഗ്രസ് നേതാവ് എ.കെ. ആന്റണി കഴിഞ്ഞ ദിവസം സൂചിപ്പിച്ചത് പോലെ സമുദായങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നത എപ്രകാരം തങ്ങളുടെ വോട്ട് ഉറപ്പിക്കുമെന്ന കാര്യത്തിൽ പിണറായി  വിജയനും പാർട്ടിയും നന്നായി ഗൃഹപാഠം ചെയ്തു. ചരിത്രത്തിലില്ലാത്ത വിധം മുസ്‌ലിം-ക്രിസ്ത്യൻ ഭിന്നത ഉടലെടുക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. മുസ്‌ലിംകൾ നേടിയെടുക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച സഭകളുടെ വിമർശത്തെ, ഭരണത്തിലിരിക്കുന്നവർ കൂടിയായിട്ടും നേരിടാനും അതിന്റെ സത്യാവസ്ഥ വിവരിക്കാനും ശ്രമിക്കാതെ, അന്തരീക്ഷത്തിൽ ഊറിക്കൂടിയ കാർമേഘം സൃഷ്ടിക്കുന്ന വിഭജനത്തിന്റെ മുറിവുകളിൽനിന്ന് തങ്ങൾക്കുള്ളത് ഊറ്റിക്കുടിക്കാം എന്ന ചിന്ത സി.പി.എമ്മിന് ആഹ്ലാദം പകർന്നു. ക്രിസ്തീയ സമുദായ വിമർശത്തിന് എരിവു പകരും വിധം സെലക്ടീവായി ചില നേതാക്കൾ വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവനകൾ പുറത്തിറക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഒപ്പം ചേർക്കാനുള്ള തീരുമാനവും ഈ നിലപാടിന് എരിവു പകർന്നു. മുസ്‌ലിം സമുദായത്തെ വിമർശനത്തിന്റെ മുൾമുനയിൽ നിർത്തുന്നതിലൂടെ ഒരേസമയം ഹിന്ദു, മുസ്‌ലിം വോട്ടുകൾ സമാഹരിക്കാനാവുമെന്ന തെരഞ്ഞെടുപ്പുകാല കണക്കുകൂട്ടലാണ് ഇതിന്റെ അടിസ്ഥാനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അനുഭവം വെച്ചുനോക്കിയാൽ മുസ്‌ലിം വോട്ടുകൾ ഇത്തവണയും തങ്ങൾക്ക് അപ്രാപ്യമാകുമോ എന്ന ചിന്തയാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. 


തെരഞ്ഞെടുപ്പ് ദിനം അടുക്കുന്തോറും മറുവശത്ത് ഇപ്പോൾ കാണുന്നത്, എൻ.എസ്.എസിന്റെ നിലപാട് ഇടതുപക്ഷത്തിന് അൽപം ഭയം സൃഷ്ടിക്കുന്നതാണ്. ഇടതുപക്ഷത്തിനെതിരെ എൻ.എസ്.എസ് പരസ്യ നിലപാട് സ്വീകരിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തുകയാണ്. മുഖ്യമന്ത്രിയും സി.പി.ഐ നേതാവ് കാനം രാജേന്ദ്രനും നടത്തിയ ചില പ്രസ്താവനകളിൽ പിടിച്ചു കയറാൻ ജി. സുകുമാരൻ നായർ ശ്രമിക്കുമ്പോൾ അകത്തളങ്ങളിൽ എന്തോ അട്ടിമറി സൂചന ഇടതുപക്ഷം മുന്നിൽ കാണുന്നുണ്ട്. മുഖ്യമന്ത്രി അത് തുറന്നു പറയുകയും ചെയ്തു. മറ്റൊരു തെരഞ്ഞെടുപ്പിലുമില്ലാത്ത വിധം ബി.ജെ.പി ഇത്തവണ കളം നിറഞ്ഞുനിൽക്കുമ്പോൾ എൻ.എസ്.എസ് അതിലൊരു വ്യാപാര സാധ്യത കാണുന്നുണ്ട്. എങ്കിലും അവരുടെ പിടിവാശികൾക്ക് കീഴടങ്ങാൻ സാധ്യമല്ലെന്നൊരു സൂചന ഇടതു നേതാക്കൾ സൗമ്യമായെങ്കിലും നൽകുന്നു. 


ഒരു കാലത്തും കമ്യൂണിസ്റ്റ് പാർട്ടികളെ അംഗീകരിക്കാതിരുന്ന പ്രസ്ഥാനമാണ് എൻ.എസ്.എസ് എന്നോർക്കണം. അതിന്റെ ഇടതു വിരോധം ജന്മനായുള്ളതാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ നല്ലൊരു പങ്ക് നായർ സമുദായത്തിൽ പെട്ടവരാണെങ്കിലും കമ്യൂണിസ്റ്റുകളോട് ഒരിക്കലും മൃദുസമീപനം പുലർത്തിയിട്ടില്ല എൻ.എസ്.എസ്. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ കാലം മുതൽ അതങ്ങനെയാണ്. രാഷ്ട്രീയത്തിൽ സമദൂരമെന്നൊക്കെ പറയുമെങ്കിലും ഇടതുപക്ഷത്തോട് എപ്പോഴും ചതുർഥിയാണ് അവർക്ക്. എൻ.എസ്.എസിനെ പ്രീതിപ്പെടുത്താൻ ഇടതുപക്ഷം പലതും ചെയ്തുകൊടുത്തിട്ടുണ്ട്. എങ്കിലും അധിക കാലമൊന്നും സൗഹൃദത്തിന്റെ കൊടിമരം ഇരുകൂട്ടർക്കുമിടയിൽ ഉയർന്നിട്ടില്ല.


നായർ സമുദായത്തിനോ മനുഷ്യ സമുദായത്തിനോ പറ്റിയതല്ല കമ്യൂണിസം. ആ ആളുകളോട് എനിക്ക് വിരോധമില്ല. വിഷം കുടിച്ച് മരിക്കുന്നവരോടും കുറച്ച് സഹതാപം വേണ്ടേ എന്നാണ് മനത്ത് പദ്മനാഭൻ ഒരിക്കൽ പറഞ്ഞത്. രാജ്യദ്രോഹികളായ കമ്യൂണിസ്റ്റുകാരെ കേരളത്തിൽനിന്ന് മാത്രമല്ല, ഇന്ത്യയിൽനിന്ന് തന്നെ കടത്തി അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് തുരത്തിയാലേ എന്റെ ബുദ്ധിക്ക് മാർദവം കിട്ടൂ എന്നും ഒരിക്കൽ മയമില്ലാതെ മന്നം പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള കടുംവെട്ടുകൾ മന്നത്തിന് ശേഷമുള്ള നായർ നേതാക്കളിൽനിന്ന് ഉണ്ടായിട്ടില്ലെങ്കിലും ഇടതുപക്ഷത്തോടുള്ള എൻ.എസ്.എസിന്റെ ചരിത്രപരമായ സമീപനം മനസ്സിലാക്കാൻ ഇത് ധാരാളമാണ്.


തെരഞ്ഞെടുപ്പ് അടുത്തതോടെ, പരസ്യ വിമർശങ്ങളുമായി എൻ.എസ്.എസ് രംഗത്തു വന്നിരിക്കുകയാണ്. പരസ്യമായി വിമർശിക്കുന്നു എന്നത് മാത്രമല്ല, അതിൽ ചിലത് പ്രകോപനപരവുമാണ്. ഒരിക്കലും കാണാത്ത സൗമ്യതയോടെയാണ് ഇതിൽ പലതിലും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. തനിക്ക് അവരോട് ശത്രുതയില്ല എന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നു. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും സൗമ്യമായിട്ടാണെങ്കിലും സുകുമാരൻ നായരുടെ നിലപാടുകൾ തള്ളുകയാണ്. ശത്രുതയില്ലെന്ന് അദ്ദേഹവും വ്യക്തമാക്കുന്നു. എൻ.എസ്.എസ് വിമർശനാതീതമായ പ്രസ്ഥാനമാണെന്ന ധ്വനിയാണ് സുകുമാരൻ നായരുടെ വാക്കുകളിൽ പൊതുവെ കാണുന്നത്. വിരട്ടാൻ നോക്കേണ്ടെന്ന് അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്യുന്നുണ്ട്. വോട്ടെടുപ്പ് ദിവസം അടുക്കുമ്പോൾ നായർ സമുദായത്തിന് നൽകുന്ന സന്ദേശമാണോ സുകുമാരൻ നായരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത് എന്ന് സംശയിക്കണം.

വോട്ട് തരില്ല എന്ന് പരസ്യമായി പറയുന്നതിന് പകരും വോട്ടാർക്ക് എന്ന് സൂചനകളിലൂടെ സംസാരിക്കുന്നതാകാം. വിഷം കഴിച്ച് മരിക്കാനിരിക്കുന്നവർ എന്ന് കമ്യൂണിസ്റ്റുകളെക്കുറിച്ച് മന്നം പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണിത്. പറയാതെ പറയുകയെന്ന സമീപനം.
ശബരിമല വിഷയത്തിൽ ഇപ്പോഴും പ്രതിരോധമില്ലാതെ നിൽക്കുന്ന ഇടതുപക്ഷത്തിന് എൻ.എസ്.എസിനെ പിണക്കാനാവില്ല. തെരഞ്ഞെടുപ്പ് കാലത്ത് കർക്കശ സമീപനം അസാധ്യവുമാണ്. എങ്കിലും വോട്ടുബാങ്കുകൾ മുന്നിൽവെച്ച് വിലപേശൽ നടത്തുന്ന സമീപനം, അത് ഏതു സമുദായത്തിന്റേതായാലും വഴങ്ങില്ലെന്ന സന്ദേശം നൽകാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം. അല്ലെങ്കിൽ കേരളീയർ ഉയർത്തിപ്പിടുക്കുന്ന നവോത്ഥാന ചരിത്രവും വിപ്ലവ ലേബലും പുരോഗമന നാട്യവും ഒക്കെ വെറും കാപട്യമെന്ന് ഒരിക്കൽ കൂടി തെളിയും.
 

Latest News