വഡോദര- കോവിഡ് വാക്സിനേഷൻ നടത്തുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഗോധ്രയിലെ മുസ്ലിം പള്ളികൾ പ്രത്യേക നടപടികളെടുക്കുന്നു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കു ശേഷം ഇതുസംബന്ധിച്ച് അനൌൺസ്മെന്റ് നടത്താനാണ് പള്ളിക്കമ്മറ്റികൾ തീരുമാനിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ എല്ലാവരും അതിന് തയ്യാറാകണമെന്ന സന്ദേശം പ്രാർത്ഥനയ്ക്കു ശേഷം പള്ളികൾ നൽകും. ജില്ലയിൽ ഏറ്റവും കുറവ് വാക്സിനേഷൻ നടന്ന പ്രദേശമാണ് ഗോധ്ര. വലിയൊരു വിഭാഗമാളുകൾ വാക്സിനെടുക്കാൻ വിസമ്മതിക്കുകയാണ്.
വെള്ളിയാഴ്ച നമസ്കാരം പൂർത്തിയായ ശേഷം 50 പള്ളികളിൽ വാക്സിൻ സ്വീകരിക്കണമെന്ന അഭ്യർത്ഥന നടക്കും. പള്ളിയിലെ പുരോഹിതർ തന്നെയാണ് ഈ അഭ്യർത്ഥന നടത്തുക. ശരിഅ നിയമങ്ങൾക്ക് വിരുദ്ധമാണ് വാക്സിനേഷനെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ സർക്കാർ നടത്തിയ പ്രചാരണങ്ങൾക്ക് കാര്യമായ ഫലമുണ്ടാക്കാനായില്ല. ഈ സാഹചര്യത്തിലാണ് സമുദായാടിസ്ഥാനത്തിലുള്ള ഇടപെടലിന് ശ്രമം തുടങ്ങിയത്.
പള്ളികളിൽ നൽകേണ്ട സന്ദേശം സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞദിവസം പുരോഹിതർ യോഗം ചേർന്നിരുന്നു. ജില്ലാ അധികാരികളുടെ അഭ്യർത്ഥനയെത്തുടർന്നാണ് ഇടപെടാൻ തീരുമാനിച്ചതെന്നും ജംഇയത്തുൽ ഉലമായെ ഹിന്ദ് നേതാവ് മൌലാന ഇഖ്ബാൽ ബോക്ദ പറയുന്നു.