തിരുവനന്തപുരം- നവതിയുടെ നിറവിലേക്ക് നീങ്ങുന്ന മലയാള സിനിമയുടെ ചരിത്രമുൾക്കൊള്ളുന്ന ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോർപറേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം നടൻ മധു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
നിശ്ചല ഛായാഗ്രാഹകൻ പി.ഡേവിഡ് പകർത്തിയ സിനിമാ മേഖലയിലെ അപൂർവ നിമിഷങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചല ഛായാഗ്രഹണ മേഖലയിൽ 55 വർഷം പിന്നിടുന്ന ഡേവിഡിനെ മധു പൊന്നാടയണിയിച്ച് ആദരിച്ചു. മലയാള സിനിമയുടെ 90 വർഷങ്ങൾ ഒന്നിച്ചു കാണുന്ന പ്രതീതിയാണ് ഉണ്ടായതെന്ന് മധു പറഞ്ഞു. ഡേവിഡിന്റെ ചിത്രങ്ങൾ മലയാള അക്കാദമിയുടെ ഒരു വർഷത്തെ പ്രവർത്തങ്ങളെക്കുറിച്ച് തയാറാക്കിയ സ്മരണിക' ശ്രീകുമാരൻ തമ്പി നടി ഷീലയ്ക്ക് നൽകി പ്രകാശനം ചെയ്തു.
കലയും കബനിയും മുതൽ ഭാർഗവി നിലയം, നായർ പിടിച്ച പുലിവാല്, അഹിംസ, സതി തുടങ്ങി അമരം വരെയുള്ള ചിത്രങ്ങളുടെ ലൊക്കേഷൻ സ്റ്റില്ലുകളും സത്യൻ, വിൻസെന്റ്, രജനീകാന്ത്, ജോൺ എബ്രഹാം, ഐ.വി ശശി തുടങ്ങിയ നിരവധി ചലച്ചിത്രകാരന്മാരുടെ ചിത്രീകരണ നിമിഷങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ ഓർമ ചിത്രങ്ങൾ' എന്ന പ്രത്യേക വിഭാഗം ഷീല ഉദ്ഘാടനം ചെയ്തു. ആദ്യകാല സിനിമ ഉപകരണങ്ങളുടെ പ്രദർശനം മറ്റൊരു ആകർഷണമാണ്. 1928 ൽ പുറത്തിറങ്ങിയ ആദ്യ നിശബ്ദ ചിത്രം വിഗതകുമാരൻ' ചിത്രീകരിച്ച ഡെബ്രി ക്യാമറയുടെ മോഡൽ മുതൽ ഏരീസ് പ്ലക്‌സ് 16, റോളക്‌സ് തുടങ്ങിയ ക്യാമറകളും സിങ്ക് മീറ്റർ സപ്ലൈസർ, മൂവിയോള എന്നീ സിനിമാ ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്.
കനകകുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ എം.വിജയകുമാർ, സംവിധായകൻ ശ്രീകുമാരൻ തമ്പി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, നടി ഷീല, സിബി മലയിൽ, രാജീവ് എന്നിവർ സംബന്ധിച്ചു.
കേരള ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം; ആഘോഷങ്ങൾ ഒഴിവാക്കി
തിരുവനന്തപുരം- ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തെ തുടർന്ന് ആഘോഷത്തോടെയുള്ള ഉദ്ഘാടന ചടങ്ങും സാംസ്‌കാരിക പരിപാടികളും ഒഴിവാക്കി രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം 'ദ ഇൻസൾട്ട്' പ്രദർശിപ്പിച്ചു കൊണ്ടാണ് എട്ടു ദിവസം നീളുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമാകുക.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലളിതമായ ഉദ്ഘാടന ചടങ്ങിനു ശേഷം വൈകീട്ട് ആറുമണിക്ക് ചിത്രം പ്രദർശിപ്പിക്കും. മാധബി മുഖർജി, പ്രകാശ് രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ടാഗോർ, കലാഭവൻ, കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളിൽ ഇന്ന് രാവിലെ മുതൽ സിനിമകൾ പ്രദർശിപ്പിക്കും. ടാഗോർ തിയേറ്ററിൽ രാവിലെ 10 ന് 'കിംഗ് ഓഫ് പെക്കിംഗ്', കൈരളിയിൽ 'ഹോളി എയർ', 10.15 ന് കലാഭവനിൽ 'വുഡ് പെക്കേഴ്‌സ്', ശ്രീയിൽ 'ഡോഗ്‌സ് ആന്റ് ഫൂൾസ്', 10.30 ന് നിളയിൽ 'ദ ബ്ലസ്ഡ്' എന്നീ ചിത്രങ്ങളുടെ പ്രദർശനമാകും നടക്കുക.
14 തിയേറ്ററുകളിലായി ആകെ 445 പ്രദർശനങ്ങളുള്ള മേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 190 സിനിമകൾ പ്രദർശിപ്പിക്കും. സീറ്റുകൾ നേരത്തെ റിസർവ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെലിഗേറ്റുകൾക്ക് പ്രദർശനത്തിന് ഒരു ദിവസം മുമ്പ് ഐഎഫ്എഫ്‌കെ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ച് റിസർവ് ചെയ്യാം. വേദികളിൽ സജ്ജമാക്കിയിട്ടുള്ള ഹെൽപ് ഡെസ്‌ക്കുകൾ വഴി രാവിലെ എട്ടു മുതൽ വൈകീട്ട് ഒൻപതു വരെ റിസർവേഷൻ സൗകര്യമുണ്ടാകും. ഒരു പാസിൽ ദിവസം മൂന്ന് സിനിമകൾക്ക് റിസർവ് ചെയ്യാം. റിസർവേഷനിൽ മാറ്റം വരുത്താനോ പാസില്ലാതെ പ്രവേശിക്കാനോ അനുമതിയില്ല. റിസർവ് ചെയ്ത ഡെലിഗേറ്റുകൾ എത്താത്ത സാഹചര്യത്തിൽ ആ സീറ്റുകളിലേക്ക് ക്യൂവിലുള്ളവരെ പരിഗണിക്കും.
ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകൾക്കായി റാമ്പുൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും ക്യൂ നിൽക്കാതെ പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഡെലിഗേറ്റുകൾ എത്തുന്ന മേള 15 ന് സമാപിക്കും.