തിരുവനന്തപുരം - കേരളത്തിന്റെ തെക്കെയറ്റത്ത് തമിഴ്‌നാടുമായി അതിർത്തിപങ്കിടുന്ന മണ്ഡലമാണ് പാറശാല. തെരഞ്ഞെടുപ്പ് ചൂട് മറ്റെവിടെയുള്ളതിലുമധികം പാറശാലയിലുമുണ്ട്. ചുട്ടുപൊള്ളുന്ന ചൂടിനെ വകവയ്ക്കാതെയാണ് സ്ഥാനാർത്ഥികളുടെ രാപകലുള്ള പ്രചാരണം.
എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ ഹരീന്ദ്രനാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അൻസജിത റസൽ. എൻ.ഡി.എക്കുവേണ്ടി കരമന ജയൻ. മൂന്ന് പേരും പരിണിതപ്രജ്ഞരാണ്. അതുകൊണ്ടുതന്നെ പോരാട്ടത്തിന് വീറും വാശിയും ഏറും. സാധാരണക്കാർ തിങ്ങിപാർക്കുന്ന മണ്ഡലമാണിത്. നാടാർവിഭാഗത്തിന് ശക്തമായസ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. ഒരു കാലത്ത് കോൺഗ്രസിലെ സുന്ദരൻനാടാരുടെ സ്വന്തം മണ്ഡലമായിരുന്നു. ഇപ്പോൾ ഇവിടെ എൽ.ഡി.എഫ് പ്രതിനിധിയാണ് എം.എൽ.എ. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി പിന്തുണച്ചിട്ടുള്ള മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ആരാവും ഇത്തവണ വിജയിക്കുകയെന്ന് പ്രവചിക്കുക ബുദ്ധുമുട്ടുള്ളകാര്യമാണ്.
വൈകാരികമായി പ്രതികരിക്കുന്നവോട്ടർമാരാണിവിടെ കൂടുതലായുള്ളത്. രണ്ടേകാൽലക്ഷത്തിലേറെ വോട്ടർമാരുണ്ട്. 1996ൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്തി സ്വതന്ത്രനായി മത്സരിച്ച സുന്ദരൻനാടാർ വിജയിച്ച മണ്ഡലമാണിത്. പിന്നീടദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിവന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചു.
എൽഡിഎഫിനും വേരോട്ടമുള്ള മണ്ഡലമാണിത്. 2016ൽ സി.പി.എമ്മിലെ സി.കെ ഹരീന്ദ്രനാണ് വിജയിച്ചത്. ഹരീന്ദ്രനെ വീഴ്ത്താനായാണ് കോൺഗ്രസ് അൻസജിത റസലിനെ പോരാട്ടത്തിനിറക്കിയത്. ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പൊരിഞ്ഞപോരാട്ടം. എൻ.ഡി.എ തൊട്ടുപിന്നിലുണ്ട്. കന്യാകുമാരി ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. ഈ സ്വാധീനം പാറശാലയിലും തിരയടിക്കുക സ്വാഭാവികം. കരമന ജയൻ രണ്ടുതവണയായി തുടർച്ചയായി ഇവിടെ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. അമ്പൂരി, ആര്യങ്കാവ്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പാറശാല, പെരുങ്കടവിള, വെള്ളറട, എന്നീപഞ്ചായത്തുകൾ ഉൾപ്പെട്ട മണ്ഡലമാണിത്. മലനാടും ഇടനാടും തീരപ്രദേശവുമൊക്കെയടങ്ങുന്ന മണ്ഡലം. അമ്പൂരിപോലെയുള്ള പഞ്ചായത്തുകൾ വനമേഖലയാണ്. കർഷകരും ചെറുകിട കച്ചവടക്കാരും മത്സ്യത്തൊഴിലാളികളുമാണ് ഈ മണ്ഡലത്തിലധികവും. കോവിഡ് മഹാമാരി വന്നതോടെ പൊതുവെ സാമ്പത്തിക പരാധീനതകൾകൊണ്ടു ബുദ്ധിമുട്ടിയിരുന്ന ജനം കൂടുതൽ പ്രതിസന്ധിയിലാണ് ജീവിതം തള്ളിനീക്കുന്നത്. ഇടത്തോട്ടും വലത്തോട്ടും ചായുന്ന ജനം മൂന്ന് മുന്നണികളുടെയും വാഗ്ദാനപെരുമഴകേട്ട് ഇത്തവണ എങ്ങോട്ടാവും തിരിയുകയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം.






