യു.ഡി.എഫിന് ബി.ജെ.പിയുടെയോ  ആർ.എസ്.എസിന്റെയോ വോട്ട് വേണ്ട -എം.എം ഹസൻ

എം.എം ഹസൻ കണ്ണൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ.


കണ്ണൂർ- കേരളത്തിൽ ഒരിടത്തും തങ്ങൾക്ക് ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ വോട്ടു വേണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. കണ്ണൂർ പ്രസ്‌ക്ലബിന്റെ തെരഞ്ഞെടുപ്പു പരിപാടിയായ പോർമുഖം-2021 ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസൻ. തലശ്ശേരിയിൽ ബി.ജെ.പിയുടെ വോട്ടു വേണ്ടെന്ന് പറയാൻ വിജയരാഘവനോ, പിണറായിക്കോ ധൈര്യമുണ്ടോ? ബി.ജെ. പിയുമായുള്ള സി.പി.എമ്മിന്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് അവിടെ ബി.ജെ.പിക്ക് സ്ഥാനാർഥിയില്ലാതെ പോയത്. സ്ഥാനാർഥിയില്ലാതായാൽ വോട്ട് കച്ചവടം എളുപ്പത്തിലാവുമല്ലോ. ബി.ജെ. പിയുമായി ബന്ധമില്ലെങ്കിൽ വർഗീയ പാർട്ടിയുടെ വോട്ട് വേണ്ടെന്നു പറയാനുള്ള ചങ്കൂറ്റം സി.പി.എം നേതൃത്വം കാണിക്കണം. ഇ.എം.സി.സി കരാർ മുഖ്യമന്ത്രി അറിയാതെ എങ്ങനെ ഒപ്പിടും? അന്താരാഷ്ട്ര കരാർ, മന്ത്രിസഭയുടെ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ആൾ അറിയാതെ എങ്ങനെ ഒപ്പിടും. ആദ്യം കരാർ ഇല്ലെന്നാണ് മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പു മന്ത്രിയും പറഞ്ഞത്. പിന്നീടത് ധാരണാപത്രമായി മാറി. അത് ഉദ്യോഗസ്ഥ തലത്തിൽ വന്ന വീഴ്ചയാണെന്നു പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് ഒപ്പിട്ടത്. ഇതും അറിയില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാനാണ്? -ഹസ്സൻ ചോദിച്ചു.


പിണറായി, ഇ.പി ജയരാജൻ, കോടിയേരി ഇവരുടെ കുടുംബാംഗങ്ങൾ അടങ്ങുന്ന ഗൂഢസംഘമാണ് സംസ്ഥാനത്തെ കൊള്ള ചെയ്തത്. ഇതിൽ പിന്നീട് സ്പീക്കർ ശ്രീരാമകൃഷ്ണനും പങ്കാളിയായി. അഴിമതിയുടെ ഗുണഭോക്താക്കൾ ഇവർ മാത്രമാണ്. കസ്റ്റംസിന്റെ നോട്ടീസ് മൂന്നു പ്രാവശ്യം ലഭിച്ചിട്ടും കോടിയേരിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരായില്ല. സ്പീക്കർക്കും നോട്ടീസ് ലഭിച്ചു. ഹാജരായില്ല. സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരിക്കയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റനല്ല. ഗൂഢ കൊള്ളസംഘ തലവനാണ്. ഈ വിനയവും ചിരിയുമൊക്കെ വീണ്ടും ഭരണം കിട്ടുന്നതു വരെ മാത്രമേയുള്ളൂ. ഭരണം കിട്ടിയാലുടൻ പിണറായി ഭീകരനായി മാറും. ഇത് നാം നേരത്തെ കണ്ടതാണ്. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് ബി.ജെ.പി നേതൃത്വവുമായുള്ള ധാരണ പ്രകാരമാണ്. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരല്ലേ. മുഖ്യമന്ത്രി ഇപ്പോൾ പുണ്യവാളൻ ചമയുകയാണ്. അഴിമതികൾ പുറത്തു കൊണ്ടുവരുന്ന പ്രതിപക്ഷ നേതാവിനെ നിരന്തരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയുമാണ്. മുഖ്യമന്ത്രിക്ക് ജനകീയ കോടതിയിൽ മറുപടി പറയേണ്ടി വരും. വോട്ടർ പട്ടികയിലെ ഇരട്ടിപ്പും, ബി.ജെ.പിയുമായുള്ള ധാരണയുമാണ് തുടർ ഭരണം ലഭിക്കും എന്നിവർ ഉറപ്പു പറയാൻ കാരണം. വോട്ടർ പട്ടികയിലെ ഇരട്ടിപ്പാണ് ഇവരുടെ ഉറപ്പ്. വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടി ജനവിധി അട്ടിമറിക്കാൻ കൂട്ടുനിന്നവർക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ അന്വേഷിച്ച് നടപടിയെടുക്കണം. ബി.ജെ.പിയും സി.പി.എമ്മുമായുള്ള രഹസ്യധാരണ, ആർ.എസ്എസിന്റെ മുതിർന്ന നേതാവ് ബാലശങ്കർ തന്നെ വ്യക്തമാക്കിയതാണ്. സി.പി.എമ്മിന് തുടർ ഭരണവും, ബി.ജെ.പിക്ക് 10 സീറ്റുമാണ് ധാരണ. മൂന്ന് നിർണായക മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രികകൾ അസാധുവായത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ഹസൻ പറഞ്ഞു.


ഇപ്പോൾ ചാനലുകൾ പുറത്തുവിടുന്ന സർവേ ഫലങ്ങൾ, കൗശലക്കാരനായ കൈനോട്ടക്കാരന്റെ ഭാഗ്യഫല പ്രവചനം പോലെയാണ്. സർക്കാരിൽ നിന്ന് ലഭിച്ച കോടികളുടെ സഹായത്തിന്റെ പ്രത്യുപകാരം കൂടിയാണിത്. സർക്കാരിന്റെ മുഖം മെച്ചപ്പെടുത്താൻ കോടികളാണ് പരസ്യത്തിന്റെ രൂപത്തിൽ നൽകിയത്. സ്ഥാനാർഥിയും പ്രകടനപത്രികയും വരുന്നതിന് മുമ്പു തന്നെ ഏതാനും ചിലരെ മാത്രം കണ്ട് നടത്തിയതാണ് സർവേ. ഇതിൽ യാതൊരു അടിസ്ഥാനവുമില്ല. യാഥാർഥ്യവുമായി യാതൊരു ബന്ധവും ഇതിനില്ല -ഹസൻ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യുവും ഹസനൊപ്പം ഉണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് സബിന പത്മൻ നന്ദിയും പറഞ്ഞു.

Latest News