Sorry, you need to enable JavaScript to visit this website.

വോട്ട് 'തെണ്ടി'യും ബീഡി തെരുത്തും ഞാറ് നട്ടും സ്ഥാനാർത്ഥികൾ: തമിഴകത്തെ തെരഞ്ഞെടുപ്പ് കാഴ്ചകൾ

ചെന്നൈ- തമിഴ്നാട്ടിൽ വ്യത്യസ്തമായ പ്രചാരണരീതികൾക്ക് ഇത്തവണ തുടക്കമിട്ടത് രാഹുൽ ഗാന്ധിയാണെന്നു പറയാം. അദ്ദേഹം ചില തമിഴ് യൂടൂബർമാർ ഉണ്ടാക്കിയ കൂൺ ബിരിയാണി കഴിക്കാൻ പോയി. ഇതിന്റെ വീഡിയോ വൈറലായി മാറി. കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിച്ച് രാഹുൽ നടത്തിയ പ്രചാരണ പരിപാടി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമാനമായ രീതികൾ വളരെ വ്യാപകമായി പരീക്ഷിക്കപ്പെടുകയാണ് തമിഴ്നാട്ടിൽ ഇപ്പോൾ. കഴിഞ്ഞദിവസം അലക്കിക്കൊണ്ടിരുന്ന ഒരു സ്ത്രീയുടെ പക്കൽനിന്ന് തുണി പിടിച്ചുവാങ്ങി അലക്കുകയായിരുന്നു തങ്ക കതിരവൻ എന്ന എഐഎഡിഎംകെ സ്ഥാനാർത്ഥി ചെയ്തത്.

മറ്റൊരു എഐഎഡിഎംകെ സ്ഥാനാർത്ഥി പച്ചക്കറി വിൽപ്പന നടത്തിയാണ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയത്. മധുരൈ എഐഎഡിഎംകെ എംഎൽഎയും റവന്യൂ മന്ത്രിയുമായ ആർബി ഉദയകുമാർ തിരുമംഗലത്തെ നെൽപ്പാടത്തിറങ്ങി ഞാറ് നടുക വരെ ചെയ്തു. ഇദ്ദേഹം വീടുവീടാന്തരം കയറിയിറങ്ങി മുതിർന്നവരുടെ കാൽക്കൽ വീണ് വണങ്ങിയും കെട്ടിടങ്ങളിൽ പുണ്യാഹം തളിക്കുകയും ചെയ്തു പിന്നീട്.

ഡിഎംകെ നേതാക്കളും ഇക്കാര്യത്തിൽ പിന്നിലല്ല. സേലത്തെ എടപ്പാടി മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥി സമ്പത്ത് ബീഡി തെരുപ്പ് കേന്ദ്രത്തിൽ ചെന്ന് ബീഡി തെരുക്കാൻ കൂടി. ചില്ലറക്കാരനല്ല ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ്.

മറ്റൊരു ഡിഎംകെ സ്ഥാനാർത്ഥിയായ പ്രഭാകർ രാജ ദോശയുണ്ടാക്കാൻ സഹായിക്കുകയാണ് ചെയ്തത്. വിരുമ്പാക്കം മണ്ഡലത്തിലെ ഒരു റസ്റ്ററന്റിൽ കേറിയായിരുന്നു ഈ സ്റ്റണ്ട്. മധുരൈയിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വോട്ട് ഇരക്കുകയാണ് താൻ എന്ന് ദ്യോതിപ്പിക്കാൻ പിച്ചക്കാരന്റെ വേഷം കെട്ടി പിച്ചച്ചട്ടിയുമായി വോട്ടർമാരെ സമീപിച്ചത്.

സിനിമാനടൻ കൂടിയായ മൻസൂർ അലി ഖാനും ഇത്തവണ മത്സരിക്കുന്നുണ്ട്. കോയമ്പത്തൂർ മണ്ഡലത്തിലാണ് ഇദ്ദേഹം സ്വതന്ത്രനായി നിൽക്കുന്നത്. ഒരു മാലിന്യക്കൂമ്പാരത്തിനടുത്ത് ചെന്നിരുന്ന് വോട്ടർമാരോട് അവരുടെ പ്രശ്നങ്ങൾ പറയാനാവശ്യപ്പെടുകയായിരുന്നു നടൻ. അവർ പറഞ്ഞ കാര്യങ്ങൾ ഒരു നോട്ടിൽ കുറിച്ചെടുക്കുകയും ചെയ്തു.

Latest News