ഹജിന് അപേക്ഷകര്‍ കുറവ്; തീയതി നീട്ടി

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ ഹജ് അപേക്ഷ സ്വീകരിക്കുന്ന തിയ്യതി ഈ മാസം 22 വരെ നീട്ടി. കഴിഞ്ഞ മാസം 15-നാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഇന്ന് അവസാനിക്കേണ്ടതായിരുന്നു.
എന്നാല്‍ കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകരുടെ ആവശ്യം പരിഗണിച്ച് രണ്ടാഴ്ച കൂടി അധികം സമയം കേന്ദ്ര ഹജ് കമ്മറ്റി അനുവദിക്കുകയായിരുന്നു. ഇന്ന് മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മറ്റി യോഗത്തിനു ശേഷമാണ് തിയ്യതി നീട്ടിയ കാര്യം സംസ്ഥാനങ്ങളെ  അറിയിച്ചത്.
ഹജ് അപേക്ഷകള്‍ 22 വരെ സ്വീകരിച്ച് 31നകം അപേക്ഷകരുടെ ഡാറ്റാഎന്‍ഡ്രി പൂര്‍ത്തീകരിച്ച് നല്‍കണമെന്നാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജനുവരി ആദ്യവാരം ഹജ് നറുക്കെടുപ്പ് പൂര്‍ത്തിയാക്കും.
കേരളത്തില്‍ 40,000 തീര്‍ത്ഥാടകര്‍ മാത്രമാണ് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചത്.
പുതിയ ഹജ് പേളിസി പ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച ഹജ് അപേക്ഷ നീട്ടണമെന്ന ആവശ്യം തീര്‍ഥാടകരില്‍ ശക്തമായിരുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷകര്‍ കുറയാന്‍ പ്രധാന കാരണം. ഇത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മറ്റിയും കേരളത്തിലെ തീര്‍ത്ഥാടകരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
 

 

Latest News