ലതിക സുഭാഷിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും- താരിഖ് അന്‍വര്‍

കോഴിക്കോട്- കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ലതിക പാര്‍ട്ടി വിട്ടത് നിര്‍ഭാഗ്യകരമാണ്. ലതികയ്ക്ക് സീറ്റ് നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അവര്‍ മത്സരിക്കാന്‍ ആഗ്രഹിച്ച സീറ്റ് വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തയാറായില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.എല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പുണ്ട്. ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ചുമതല പി.സി ചാക്കോക്ക് ആയിരുന്നു. ദല്‍ഹിയില്‍ നിലവില്‍ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ദല്‍ഹിയുടെ ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ ചാക്കോയ്ക്ക് കാത്തിരിക്കാമായിരുന്നുവെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. പാര്‍ട്ടി നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്-  അദ്ദേഹം വ്യക്തമാക്കി.
 

Latest News