തിരുവനന്തപുരം- ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് സർക്കാർ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്ന് പ്രതിപക്ഷം. എന്നാൽ എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നതായും ഇതിന് പിന്നില്‍ ദല്ലാൾ എന്നറിയപ്പെടുന്ന ആളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയും അടക്കമുള്ളവർക്ക് ഇ.എം.സി.സി-കെ.എസ്.ഐ.എൻ.സി ധാരണാ പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം പ്രതിപക്ഷം കടുപ്പിച്ചത്.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വ്യക്തമാക്കി. കുറ്റം വകുപ്പ് സെക്രട്ടറിയുടെ തലയിൽ കെട്ടിവെയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.