Sorry, you need to enable JavaScript to visit this website.

സേലം പോലീസിനുള്ള പരാതി ലഭിച്ചത് അമേരിക്കന്‍ പോലീസിന്; പിന്നീട് സംഭവിച്ചത്

യേര്‍കാഡ് എസ്.ഐ ഓട്ടോ, ടാക്‌സിഡ്രൈവര്‍മാരോട് അമിതയാത്രക്കൂലി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നു.

സോഷ്യല്‍ മീഡിയ അടക്കി വാഴുന്ന കാലമാണ്. ഒരു മാധ്യമവും സഹായിച്ചില്ലെങ്കില്‍ ആളുകള്‍ക്ക് പിന്നെ പരാതി പറയാനുള്ളത് സമൂഹ മാധ്യമമാണ്. പരിഹാരം ലഭിക്കാറുമുണ്ട്. തമിഴ്‌നാട്ടിലെ സേലത്തിനടുത്ത വിനോദ സഞ്ചാര കേന്ദ്രമായ യേര്‍ക്കാഡിലെത്തിയ അരുണാനന്ദ് എന്ന യുവാവിന് ദുരനുഭവമുണ്ടായി.

ടൂറിസ്റ്റുകളുടെ പക്കല്‍നിന്ന് വലിയ തുകയാണ് ഇവിടുത്തെ ഓട്ടോ റിക്ഷക്കാര്‍ ഈടാക്കുന്നതെന്നായിരുന്നു പരാതി. ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഈടാക്കുന്നത് 50 രൂപയാണ്. ഒരു രക്ഷയുമില്ലാതെ ഒടുവില്‍ സേലം പോലീസിന് പരാതി ഒരു ട്വീറ്റായി വിട്ടു. @SalemPoliceDept എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചെന്നാണ് പരാതിപ്പെട്ടത്. പക്ഷെ പരാതി ലഭിച്ചത് അമേരിക്കയിലെ പോലീസിനും!

http://malayalamnewsdaily.com/sites/default/files/filefield_paths/auto.jpg

അമേരിക്കയിലെ ഒറിഗോണിലും ഉണ്ട് മറ്റൊരു സേലം. അവിടുത്തെ പോലീസ് വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായിരുന്നു ഇത്. ഇവിടെ എന്ത് ഓട്ടോ റിക്ഷാ യാത്രാ നിരക്ക് എന്നു ആദ്യം അന്തം വിട്ടെങ്കിലും അമേരിക്കയിലെ സേലം പോലീസ് ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഏഞ്ചി ഹെഡ്രിക് അരുണാനന്ദന് മറുപടി നല്‍കി.
ഞങ്ങള്‍ യു.എസ്.എയിലെ ഒറിഗോണിലെ സേലം പോലീസാണ്- ഇതോടെ പരാതിയൊക്കെ മറന്ന് അരുണാനന്ദനും സേലം പോലീസും സൗഹൃദ സംഭാഷത്തിലേക്കു മാറി.

എനിക്കറിയാമായിരുന്നു തമിഴ്‌നാട്ടിലെ പോലെ അമേരിക്കയിലും ഒരു സേലം ഉണ്ടെന്ന്. എന്റെ ട്വീറ്റ് നിങ്ങളിലെത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. മറുപടിക്ക് നന്ദി, ശുഭ ദിനം- അരുണാനന്ദന്‍ ട്വീറ്റില്‍ മറുപടി നല്‍കി.

സേലം പോലീസ് അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോക്കര്‍ക്കെതിരെ നടപടിയെടുക്കാത്തത് അമേരിക്കയില്‍ പാട്ടായത്  യഥാര്‍ഥ സേലം പോലീസിന്റെ ചെവിയിലും എത്തി. ഒടുവില്‍ യേര്‍കാഡ് എസ്.ഐ ഓട്ടോ, ടാക്‌സി െ്രെഡവര്‍മാരെ വിളിച്ചു കൂട്ടി വിഷയം ചര്‍ച്ച ചെയ്യുകയും അമിത ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

അമിത ചാര്‍ജ് ഈടാക്കിയാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. യേര്‍ക്കാഡ് എസ്.ഐ നവംബര്‍ 25ന് ഓട്ടോക്കാരുമായി ചര്‍ച്ച നടത്തുന്ന ഫോട്ടോയും ഒരു പോലീസുദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തതോടെ അരുണാനന്ദന്റെ പരാതി എത്തേണ്ടിടത്ത് തന്നെ എത്തി എന്നുറപ്പായി.

അമേരിക്കയിലേയും തമിഴ്‌നാട്ടിലേയും സേലം നഗരങ്ങള്‍ തമ്മില്‍ സൗഹൃദ ബന്ധമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മുന്‍ സേലം മേയര്‍ അന്ന പീറ്റേഴ്‌സണ്‍ എന്ന് പ്രാദേശിക പത്രമായ സ്‌റ്റേറ്റ്‌സ്മാന്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1960കളിലും ഇത്തരമൊരു ശ്രമം നടന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News