നിലമ്പൂര്‍- മയക്കുമരുന്നും സ്വര്‍ണക്കട്ടിയുമായി നിലമ്പൂരില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വിദ്യാര്‍ഥികള്‍ക്കും മറ്റും വില്‍പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായാണ് ഇവര്‍ പോലീസ് പിടിയിലായത്. പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് (26), പാലാങ്കര വടക്കേകൈ സ്വദേശി ചക്കിങ്ങത്തൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 71.5 ഗ്രാം എം.ഡി.എം.എയും 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടിയും പിടിച്ചെടുത്തു.
കഴിഞ്ഞ 19 ന് 35 ഗ്രാം കഞ്ചാവുമായി പൂക്കോട്ടുംപാടം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ലഹരി സംഘത്തെ കേന്ദ്രീകരിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. വിപണിയില്‍ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്ന് കാറില്‍ ആഷിഖാണ് കേരളത്തിലെത്തിച്ചത്. ഇയാള്‍ സഹായത്തിനായി മിസ്ബാഹിനേയും കൂടെ കൂട്ടുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അക്രമാസക്തനായ ആഷിഖ് ചെക്‌പോസ്റ്റിലെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ദേഹത്ത് സ്വയം പരിക്കേല്‍പ്പിക്കുകയും പോലീസുകാരനെ കടിച്ചു പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. സ്വര്‍ണം കടത്തിയതിനും പോലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും അടിപിടിക്കും, കഞ്ചാവ് ഉപയോഗത്തിനും പൂക്കോട്ടുംപാടം സ്റ്റേഷനിലും, പോലീസിനെ ആക്രമിച്ചതിന് നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലും ആഷിഖിനെതിരെ നേരത്തെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈ.എസ്.പി കെ.കെ അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.ഷൈജു, വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.രാജീവ് കുമാര്‍, എസ്.ഐ കെ.സത്യന്‍, സി.പി.ഒമാരായ ഇ.ജി.പ്രദീപ്, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, എം.എസ്.അനീഷ്, ടി.വി അഖില്‍, എസ്.പ്രശാന്ത് കുമാര്‍, വിവേക്, അരുണ്‍കുമാര്‍, ഷിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






